നാദാപുരം: അമിത വേഗതയില്‍ മത്സരിച്ചോടിയതിനു പോലീസ് പിടികൂടിയ സ്വകാര്യ ബസിന് ഒമ്പത് മാസമായി
പെര്‍മിറ്റുമില്ല. സര്‍വീസ് നടത്തിയത് യാത്രക്കാരുടെ ജീവന് പണയപ്പെടുത്തി. ഇക്കഴിഞ്ഞ ഏപ്രില്‍ 22നാണ് നാദാപുരം പോലീസ് സ്റ്റേഷന് മുമ്പില്‍ വെച്ച് അമിത വേഗതയില്‍ മറ്റൊരു സ്വകാര്യ ബസുമായി മത്സരിച്ച് ഓടിയ ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തലശ്ശേരി നിന്ന് തൊട്ടില്‍പാലം ഭാഗത്തേക്ക് പോകുന്ന KL18V4745 നമ്പര്‍ കൂടല്‍ ബസാണ് നാദാപുരം പോലീസ് സ്റ്റേഷന് മുമ്പില്‍ വെച്ച് കസ്റ്റഡിയില്‍ എടുത്തത്. ബസ് ഡ്രൈവര്‍ക്കെതിരെ 35(3) ബിഎന്‍എസ്എസ് വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത ബസ് തിരികെ കിട്ടാനായി രേഖകള്‍
ഹാജരാക്കിയപ്പോഴാണ് ഒമ്പത് മാസത്തോളമായി പെര്‍മിറ്റ് ഇല്ലെന്ന കാര്യം പോലീസ് അറിയുന്നത്. പെര്‍മിറ്റ് കാലാവധി കഴിഞ്ഞിട്ടും ദീര്‍ഘകാലം ബസിന് സര്‍വീസ് നടത്താനിടയായത് മോട്ടോര്‍ വാഹന വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. പെര്‍മിറ്റ് ഇല്ലെന്ന് അറിഞ്ഞിട്ടും യാത്രക്കാരെ കുത്തി നിറച്ച് അപകടകരമാം വിധം വാഹനമോടിച്ച ബസ് ജീവനക്കാരും ഉടമയും സംഭവത്തില്‍ കുറ്റക്കാരാണ്. പെര്‍മിറ്റ് കാലാവധി കഴിഞ്ഞ ബസിലെ യാത്രക്കാര്‍ക്ക് അപകടത്തില്‍ പെട്ടാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ പോലും ലഭിക്കില്ലെന്ന കാര്യം അറിഞ്ഞ് തന്നെയാണ് ബസ് സര്‍വീസ് നടത്തിയത്. ഇത്രയും ദിവസങ്ങള്‍ക്കിടയില്‍ ബസിന് അപകടങ്ങളൊന്നും
സംഭവിക്കാതിരുന്നത് യാത്രക്കാരുടെ ഭാഗ്യം കൊണ്ട് മാത്രമാണ്. ബസിന്റെ രേഖകള്‍ പരിശോധിക്കേണ്ട മോട്ടോര്‍ വാഹന വകുപ്പ് ഈ കാര്യങ്ങളില്‍ മൗനം പാലിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ ദിവസം വടകര-തൊട്ടില്‍പാലം റൂട്ടില്‍ പെര്‍മ്മിറ്റ് കഴിഞ്ഞ് സര്‍വീസ് നടത്തിയ മറ്റൊരു സ്വകാര്യ ബസ് നാദാപുരം പോലീസ് പിടികൂടി ദിവസങ്ങളോളം കസ്റ്റഡിയില്‍ വെക്കുകയും രേഖകള്‍ ഹാജരാക്കിയ ശേഷം മാത്രമാണ് വിട്ട് നല്‍കുകയും ചെയ്തത്.



