വടകര: ഹരിത നഗര്‍, തെരു, നാമംകുളങ്ങര റസിഡന്‍സ് അസോസിയേഷനുകള്‍ കൈകോര്‍ത്ത് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി ശ്രദ്ധപിടിച്ചുപറ്റി. ‘ലഹരി വിരുദ്ധ ബോധവല്‍ക്കരണം മാജിക്കിലൂടെ’ എന്ന രാജീവ് മേമുണ്ടയുടെ മാന്ത്രികപ്രകടനം രാസലഹരി സൃഷ്ടിക്കുന്ന ദോഷവും ദുരന്തവും എളുപ്പം മനസിലാക്കാന്‍ വഴിയൊരുക്കി. എംഡിഎംഎ എന്നെഴുതിയ കടലാസ് പൂര്‍ണമായി കത്തിച്ച് ഒരു ഡപ്പിയില്‍ നിക്ഷേപിക്കുകയും ആ ഡപ്പിയില്‍ നിന്ന് തന്നെ പുതുജീവന്റെ വര്‍ണങ്ങള്‍ കാറ്റില്‍ പറത്തുകയും ചെയ്തുകൊണ്ടാണ് മാജിക് ഷോ ആരംഭിച്ചത്. എംഡിഎംഎ മാരക മയക്കുമരുന്നാണെന്നും അതിന് അടിമപ്പെട്ടാല്‍ ജീവിതത്തില്‍ ഒരിക്കലും തിരിച്ചുവരാന്‍ കഴിയില്ലെന്നും മാജിക്കിലൂടെ രാജീവ് മേമുണ്ട കാണിച്ചു
തരികയായിരുന്നു .
അടക്കാത്തെരു കൊപ്ര ഭവനില്‍ നടന്ന റസിഡന്‍സ് അസോസിയേഷനുകളുടെ സംഗമം ഡിവൈഎസ്പി ആര്.ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. വത്സലന്‍ കുനിയിലിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ പി.കെ.രാമചന്ദ്രന്, കെ.പ്രഭാകരന്, സുരേഷ് പുത്തലത്ത്, പി എം മണി, കെ.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. നൂറുകണക്കിന് കുടുംബാംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.