തിരുവനന്തപുരം: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മലയാളികള്‍ക്ക് സര്‍ക്കാര്‍ സഹായം
ഉപയോഗപ്പെടുത്താമെന്ന് മുഖ്യമന്ത്രി. ജീവന്‍ നഷ്ടമായവരില്‍ ഒരു മലയാളിയും ഉണ്ടെന്നത് നമ്മുടെ ദു:ഖം ഇരട്ടിപ്പിക്കുന്നുണ്ടെന്നും കൊല്ലപ്പെട്ട എന്‍.രാമചന്ദ്രന്റെ ഉറ്റവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കാശ്മീരില്‍ കുടുങ്ങിയ കേരളീയര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനു വേണ്ട സൗകര്യങ്ങള്‍ ആക്രമണം ഉണ്ടായി അല്പ സമയത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ലഭിച്ച 49 രജിസ്‌ട്രേഷനിലൂടെ 575 പേര്‍ കശ്മീരില്‍ ഉണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. യാത്രാ സഹായം, ചികിത്സാ സഹായം, ആഹാരം എന്നിവ വേണ്ടവര്‍ക്ക് അവ സജ്ജമാക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ എത്തുന്നവര്‍ക്ക്
സഹായങ്ങള്‍ നല്‍കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തുടര്‍യാത്രക്കായി ടിക്കറ്റ് ബുക്കിങ്ങ് ഉള്‍പ്പെടെയുള്ള സേവനങ്ങളും അവിടെ സജ്ജമാണ്. മനസ്സാക്ഷിയെ ഞെട്ടിച്ച ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. ഇത്തരം ആക്രമണങ്ങളെയും അവര്‍ക്ക് ഇന്ധനമാകുന്ന വിദ്വേഷ പ്രചാരണങ്ങളെയും ഒറ്റക്കെട്ടായി നാമോരോരുത്തരും ചെറുക്കേണ്ടതുണ്ട്. ഇനിയൊരു പഹല്‍ഗാം ആവര്‍ത്തിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്ത് ഒറ്റക്കെട്ടായി മുന്നോട്ടു പോകാം മുഖ്യമന്ത്രി അറിയിച്ചു.


