
സമീപകാലത്ത് സാധാരണക്കാര്ക്കെതിരെയുണ്ടായ ആക്രമണങ്ങളില്‍ ഏറ്റവും വലുതാണ് ഇന്നത്തെ ആക്രമമണെന്നും മുഖ്യമന്ത്രി എക്സില്‍ കുറിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അനന്ത്നാഗ് ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്ന് കഴിഞ്ഞു. ഭീകരാക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് നിരവധി വിനോദ സഞ്ചാരികള്‍ കുടുങ്ങിയിട്ടുണ്ട്.
കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാദ്ധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രതികരിച്ചു. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30നാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയവരില്‍ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരില്‍ പ്രദേശവാസികളും ഉള്‍പ്പെട്ടിട്ടുണ്ട്. പഹല്ഗമിലെ ബെയ്സരണ്‍ താഴ്വരയിലാണ് വെടിവെപ്പ് നടന്നതെന്നാണ് ജമ്മു കാശ്മീര്‍ പൊലീസ് പറയുന്നത്. ഈ പ്രദേശത്തേക്ക് വാഹനത്തില്‍ എത്തിപ്പെടാന്‍ സാധിക്കില്ല. കാല്‍നടയായോ കുതിരകളെ ഉപയോഗിച്ചോ മാത്രം എത്താവുന്ന ദുഷ്കരമായ പാതയാണ് ഇവിടേക്കുള്ളത്.
സമീപകാലത്ത് ജമ്മു കാശ്മീരിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ആക്രമണം നടക്കുന്നത്. ആക്രമണം നടന്ന സ്ഥലം ധാരാളം വിനോദസഞ്ചാരികള്‍ എത്തുന്ന പ്രദേശമാണെന്നാണ് പൊലീസും പ്രദേശവാസികളും പറയുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന തീവ്രവാദ സംഘടന ഏറ്റെടുത്തിട്ടുണ്ട്. പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ തോയ്ബ ബന്ധമുള്ള സംഘടനയാണ് ദി റെസിസ്റ്റന്‍സ് ഫ്രണ്ട്.