വടകര: വടകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൂം സിനിമാസ് പ്രേക്ഷകരിലേക്കെത്തിക്കുന്ന ചൂട്ട് സിനിമയിലെ പാട്ടുകള്‍ ആസ്വാദക ശ്രദ്ധ നേടുന്നു. എ.കെ.രഞ്ജിത്ത് രചനയും സമദ് അമ്മാസ് സംഗീതവും നിര്‍വഹിച്ച ഗാനങ്ങള്‍ ആലപിച്ചത് പിന്നണി
ഗായകരായ അഫ്സലും സിത്താര കൃഷ്ണകുമാറുമാണ്.
‘മഴയുറങ്ങാത്ത രാത്രി’ വേറിട്ട അവതരണ രീതി കൊണ്ട് ഗാനാസ്വാദകരുടെ ഇഷ്ടഗാനമായി മാറുകയാണ്.
നനയുമാമ്പല് കിനാവുകള്‍
തരള മുണരുന്നുവോ
ചിരി നിലാവിന്റെ തുമ്പികള്‍
ചിറകു കുടയുന്നുവോ
എന്നിടത്ത് ആര്‍ദ്ര പ്രണയം ഒരു മികച്ച അനുഭവമായി കേള്‍വിക്കാരില്‍ നിറയുന്നു.
ശലഭമായി ഞാന്‍ തിരയുന്നുവോ
മൃദുല മാധവം
വഴിയിലേതോ തണല്‍ വിരിക്കും
പ്രണയ തീരം
പവിഴമല്ലി പൂവുമായി നീ അരികിലെങ്കില്‍.. ഇവിടെ വാക്കുകള്‍ കാവ്യാത്മകമാവുകയും സംഗീതം അതിനെ അലങ്കരിച്ച് നിര്‍ത്തുകയും ചെയ്യുന്നു. സിത്താര കൃഷ്ണകുമാറിന്റെ ആലാപനം മനോഹരമായ ഒരു മെലഡിയാണ് മലയാള സിനിമയ്ക്ക് നല്‍കുന്നത്.
അഫ്സല് ആലപിച്ച ഉദയമരുളും അരുണകിരണം എന്നു തുടങ്ങുന്ന ഗാനം വിപ്ലവ ആവേശങ്ങളുടെ അലകള്‍ തീര്‍ക്കുന്നതാണ്.
അടിമത്തം കഴുമരമേറ്റി നമ്മളുയിയര്ത്തില്ലേ
അടരാടി സമരപഥങ്ങളില്‍ വീണു മരിച്ചില്ലേ
രക്തസാക്ഷികളേ കൈവിലങ്ങുകള്‍ പുഞ്ചിരി തൂകി വരിച്ചവരെ ലാല്‍സലാം…
എന്നിടത്ത് ഗാനം പുതിയ തരംഗങ്ങള്‍ തീര്‍ക്കുകയാണ്.
പകലന്തിയോളം നമ്മള് നട്ടുനച്ചില്ലേ
കളകള്‍ അനീതികളൊന്നായ് പിഴുതുകളഞ്ഞില്ലേ
സ്നേഹ ഗായകരെ, മോചനത്തിന് ഗാഥ രചിച്ചൊരു സോദരരെ ലാല്‍സലാം എന്ന വരികളിലെ വിപ്ലവബോധം മലയാള സിനിമയില്‍ ഉണ്ടായിട്ടുള്ള വിപ്ലവഗാനങ്ങളുടെ നിരകളിലേക്ക് ചൂട്ടിലെ ഗാനത്തെ ഉയര്‍ത്തി നിര്‍ത്തുന്നു.
സൈന വീഡിയോസിലൂടെ ഇതിനോടകം ഒന്നര ലക്ഷത്തോളം ആളുകളാണ് പാട്ടുകള്‍ കണ്ടിരിക്കുന്നത്. ആസ്വാദക മനസില്‍ പുതിയ അനുഭവമായി ഗാനങ്ങള്‍ നിറയുകയാണ്. കെ.വി.എ.പ്രസാദ് സംവിധാനം നിര്‍വഹിക്കുന്ന സിനിമയില്‍ പുതുമുഖങ്ങള്‍ക്ക് ഒപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.