വില്യാപ്പള്ളി: പകര്‍ചവ്യാധി പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക തലത്തില്‍ കര്‍മ പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
പറഞ്ഞു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഡോ. കെ.ബി മേനോന് സ്മാരക കുടുംബാരോഗ്യകേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പകര്‍ച്ചവ്യാധി പ്രതിരോധ കര്‍മ്മ പദ്ധതി ഏപ്രില്‍ 30നകം ഓരോ ഗ്രാമപഞ്ചായത്തിലും തയ്യാറാക്കും. പകര്‍ച്ചവ്യാധികളെ വലിയതോതില്‍ കുറയ്ക്കാന്‍ പദ്ധതി സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് ആശുപത്രിക്ക് കെട്ടിടം നിര്‍മ്മിച്ചത്. കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ലീന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പൂളക്കണ്ടി മുരളി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ രാജേന്ദ്രന്, എഫ്എച്ച്സി
മെഡിക്കല്‍ ഓഫീസര്‍ കെ.എം ജ്യോതി, മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


