
ഇരുപാദങ്ങളിലുമായി 3-2നാണ് മയാമിയുടെ ജയം. ആദ്യ പാദത്തിലെ ഒരു ഗോൾ തോൽവിയടക്കം രണ്ടു ഗോളിനു പിന്നിൽപോയശേഷമാണ് മയാമിയുടെ ഗംഭീര തിരിച്ചുവരവ്. ഫെഡറികോ റെഡോൻഡോയാണ് മയാമിയുടെ മറ്റൊരു ഗോൾ സ്കോറർ. ആരോൺ ലോങ്ങിന്റെ വകയായിരുന്നു ലോസ് ആഞ്ജലസിന്റെ ആശ്വാസ ഗോൾ. വാൻകോവർ വൈറ്റ്കാപ്സ്-പ്യൂമാസ് മത്സരത്തിലെ വിജയികളെയാണ് സെമിയിൽ മെസ്സിയും സംഘവും നേരിടുക.
മത്സരത്തിന്റെ 10ാം മിനിറ്റിൽ തന്നെ മയാമിയെ ഞെട്ടിച്ച് ആരോൺ ലോങ്ങിലൂടെ ലോസ് ആഞ്ജലസ് ലീഡെടുത്തു. ഇതോടെ അഗ്രഗേറ്റ് സ്കോർ 2-0. 35ാം മിനിറ്റിൽ മെസ്സിയിലൂടെ മയാമി ഒരു ഗോൾ മടക്കി. അധികം വൈകാതെ ഒരു ഫ്രീകിക്കിലൂടെ മെസ്സി വലകുലുക്കിയെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. വിസിലിനു മുമ്പ് കിക്കെടുത്തതാണ് താരത്തിന് വിനയായത്. എതിർ താരങ്ങൾ പരാതിയുമായി എത്തിയതോടെ റഫറി ഗോൾ നിഷേധിച്ചു. 61ാം മിനിറ്റിൽ റെഡോൻഡോയുടെ ഗോളിലൂടെ മയാമി ഇരുപാദങ്ങളിലുമായി ഒപ്പമെത്തി. 67ാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിലൂടെ ലൂയിസ് സുവാരസ് പന്ത് വലയിലാക്കിയെങ്കിലും ഓഫ് സൈഡ് ട്രാപ്പിൽ കുരുങ്ങി. 82ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് മെസ്സി മയാമിക്ക് ജയവും സെമിയും ഉറപ്പാക്കിയത്.