കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം മരട് പോലീസ് ആണ് കേസെടുത്തത്. ആലുവയിലെ ഫ്ലാറ്റിൽ 12 മണിക്കൂർ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസിന്റെ തുടർനടപടികളിലേക്ക് പോലീസ് കടന്നത്.
പരാതിക്കാരിയുടെ മൊഴിപ്പകർപ്പ് ജില്ലാ പോലീസ് മേധാവിമാർക്ക് കൈമാറി. നടിക്കെതിരെ ചൂഷണം നടന്നുവെന്ന് ആരോപണം ഉന്നയിച്ച സ്ഥലങ്ങളുടെ പരിധിയിലുള്ള പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്യുക.
നടിയുടെ പരാതിയിൽ നടൻ ജയസൂര്യക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് മുകേഷിനെതിരെ പോലീസ് നടപടി സ്വീകരിച്ചത്.
മണിയൻപിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു, അഡ്വ. വി.എസ്. ചന്ദ്രശേഖരൻ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന.