വടകര: ഓണക്കാല സ്‌പെഷ്യല്‍ ഡ്രൈവിന്റെയും ഓപ്പറേഷന്‍ തണ്ടറിന്റെയും ഭാഗമായ
എക്‌സൈസ് റെയ്ഡില്‍ 10 ലിറ്റര്‍ ചാരായവുമായി ഒരാള്‍ പിടിയില്‍. വില്യാപ്പള്ളി പൊട്ടകണ്ടിയില്‍ നാരായണനെയാണ് (67) വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സയിദ് മുഹമ്മദും പാര്‍ട്ടിയും പിടികൂടിയത്.
മുന്‍ പ്രവാസിയായ ഇയാള്‍ വീട് കേന്ദ്രീകരിച്ചാണ് ചാരായം വാറ്റുന്നത്. ഇത് സംബന്ധിച്ച് രഹസ്യ വിവരം കിട്ടിയ എക്‌സൈസ് സംഘം ഇയാള്‍ക്കായി വല വിരിച്ച് കാത്തിരിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് കന്നാസില്‍ 10 ലിറ്റര്‍ ചാരായവുമായി ബൈക്കില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതിനു പിന്നാലെ അരയാക്കൂല്‍ താഴെകുനിയില്‍ നിന്നാണ് പ്രതി പിടിയിലാവുന്നത്. കെഎല്‍ 18 വൈ 0477 നമ്പര്‍ ബൈക്കും കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെയും അസി. കമ്മിഷണറുടെയും നിര്‍ദേശാനുസരണം നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഉനൈസ്, ഷിരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ അനിരുദ്ധ്, ഡ്രൈവര്‍ പ്രജീഷ് എന്നിവര്‍ പങ്കെടുത്തു.















