വടകര: ലോക്സഭാ തെരഞ്ഞെടുപ്പ് ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനകീയ വിചാരണയാകുമെന്ന് വടകര പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ വിഭജിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ഒരു ഭരണകൂടമാണ് രാജ്യത്തെ നയിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രാബല്യത്തില്‍ കൊണ്ടുവന്ന ‘വിഭാഗീയ വിജ്ഞാപനം’ പോലും അതിന്റെ ഉദാഹരണമാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രി പോലും വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായി. ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യത്ത്. ഇന്ത്യയെ മുമ്പ് നയിച്ചിരുന്ന ദീര്‍ഘദര്‍ശികളായ ഭരണാധികാരികള്‍ നാടിന് വിഭാവനം ചെയ്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റ് തുലയ്ക്കുകയും ജനകീയ പദ്ധതികള്‍ പലതും നിര്‍ത്തലാക്കുകയും മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. നിയമന നിരോധനങ്ങളുടെ ഒരു നീണ്ട കാലമാണ് മോദി ഭരണത്തില്‍ കടന്നുപോയത്. സംസ്ഥാനത്തും സ്ഥിതി വിഭിന്നമല്ല. കേന്ദ്രത്തില്‍ മോദിയും കൂട്ടരും എന്താണോ ചെയ്യുന്നത്, അതിന്റെ തനി പകര്‍പ്പാണ് കേരളത്തിലും നടക്കുന്നത്. കേന്ദ്രത്തില്‍ വിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കിയ എല്ലാ കാവിവത്കരണവും അതേ തോതില്‍ തന്നെ സംസ്ഥാനത്തും നടപ്പിലായിട്ടുണ്ട്. ഇരു കൂട്ടരും തമ്മില്‍ പല കാര്യങ്ങളിലും ബാന്ധവമുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഉള്‍പ്പെട്ട കേസുകളിലും പിണറായി വിജയന് പ്രതിയായ ലാവലിന്‍ കേസിലും അവരുടെ രഹസ്യധാരണ വ്യക്തമാകും. ജനങ്ങള്‍ ഇരു സര്‍ക്കാരുകളെയും കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. വിലക്കയറ്റം നാടിനെ വീര്‍പ്പുമുട്ടിക്കുകയാണ്. പൊതുവിപണി താറുമാറായിരിക്കുന്നു. മതേതര ജനാധിപത്യ മൂല്യങ്ങള്‍ വീണ്ടെടുക്കാനും ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമേകുവാനും യുഡിഎഫ് വിജയിക്കേണ്ടത് അനിവാര്യതയാണ്. വടകരയില്‍ യുഡിഎഫ് പ്രവര്‍ത്തകരും ജനങ്ങളും വലിയ ആവേശത്തിലാണ്. ജനദ്രോഹ സര്‍ക്കാരുകളെ പുറത്തു നിര്‍ത്തുവാന്‍ ഉള്ള അവസരമായി ആണ് ഈ തെരഞ്ഞെടുപ്പിനെ വടകരയിലെ ജനത നോക്കിക്കാണുന്നത്. യുഡിഎഫ് മണ്ഡലത്തില്‍ വര്‍ധിത ഭൂരിപക്ഷത്തോടെ വിജയിക്കുക തന്നെ ചെയ്യും.