വടകര: ദുരന്ത ബാധിതർക്ക് അതിജീവനത്തിൻ്റെ വഴിയിൽ കരുത്ത് പകരാൻ കടത്തനാട്ടിലെ കാലാകാരൻമാർ വീണ്ടും സംഗമിക്കുന്നു. ‘ധനവും മനവും ഒന്നിക്കുന്നു’ എന്ന സന്ദേശവുമായി വടകരയിൽ കലാസംഗമം 31 ന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമാനതകളില്ലാത്ത ദുരന്തം ഏറ്റുവാങ്ങേണ്ടിവന്ന വയനാടിൻ്റെയും വിലങ്ങാടിൻ്റെയും അതിജീവനത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള ധനസമാഹരണത്തിൻ്റെ ഭാഗമായാണ് വടകരയിൽ കലാസംഗമം നടക്കുന്നത്. ആഗസ്റ്റ് 31ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ രാത്രി 9 മണിവരെ പുതിയ ബസ്റ്റാൻ്റിൽ വെച്ചാണ് പരിപാടി. വടകര താലൂക്കിൽ വിവിധ മേഖലകളിലെ

കലാകാരൻമാരെ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വടകരയിലെ മുഴുവൻ കലാ – സാമൂഹ്യ -സാംസ്കാരിക – സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന ഈ സംഗമത്തിൻ്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാനം ആഗസ്റ്റ് 29ന് വൈകിട്ട് 4 മണിക്ക് മുനിസിപ്പൽ പാർക്കിൽ നഗരസഭാ ചെയർപേർസൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്യും.പരിപാടിയുടെ നടത്തിപ്പിനായി വിവിധ സ്ഥാപനങ്ങളും, സംഘടകളും വൃക്തികളും സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. രാവിലെ മുതൽ

നടക്കുന്ന സംഗീത പരിപാടികളോടൊപ്പം തന്നെ തൽസമയ പെയിൻറിംഗ് ചിത്ര പ്രദർശനവും വില്പനയും, നാടൻ പാട്ട്, നൃത്തനൃത്യങ്ങളും മറ്റ് കലാ രൂപങ്ങളും പുതിയ ബസ്റ്റാൻ്റിൻ്റെ വിവിധ ഭാഗങ്ങളിലായി നടക്കും.ഈ മഹത്തായ ഉദ്യമത്തോടൊപ്പം ചേർന്ന് ദുരന്തമേഖലയ്ക്ക് കൈത്താങ്ങാകാൻ വടകരയിലെ മുഴുവൻ സഹൃദയരേയും ക്ഷണിക്കുന്നതായും സംഘാടക സമതി അറിയിച്ചു. വാർത്താ സമ്മേളനത്തിൽ മണലിൽ മോഹനൻ, ടിവിഎ ജലീൽ, കെ.കെ ശ്രീജിത്,സുരേഷ് പുത്തലത്ത്, എംസനൽ, സനീഷ് വടകര, ഓസ്ക്കാർ മനോജ് എന്നിവർ പങ്കെടുത്തു.