തിരുവനന്തപുരം: കുറ്റ്യാടി മണ്ഡലത്തില്‍ തരിശുഭൂമിയുടെ കഥ മാറി. 2021 ജൂണ്‍ മുതല്‍ ഇതുവരെയായി കുറ്റ്യാടി
നിയോജകമണ്ഡലത്തിലെ 59.98 ഹെക്ടര്‍ തരിശുഭൂമിയില്‍ കൃഷി ചെയ്തതായി കൃഷി മന്ത്രി പി പ്രസാദ് നിയമസഭയില്‍ കെ.പി.കുഞ്ഞമ്മദ്കുട്ടിയുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കൃഷിവകുപ്പിന്റെയും പദ്ധതികളുടെ സംയോജനത്തിലൂടെ തരിശുനിലങ്ങളില്‍ നെല്‍കൃഷി ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കുറ്റ്യാടി മണ്ഡലത്തില്‍ വ്യാപകമകായി നടപ്പിലാക്കിയതായി മന്ത്രി വെളിപ്പെടുത്തി. തരിശുനിലങ്ങള്‍ ഒരുക്കുന്നതിന്
എംജിഎന്‍ആര്‍ഇജിഎസ് പദ്ധതിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കര്‍ഷകരുടെ യോഗം ചേര്‍ന്ന് വിലയിരുത്തുകയും സബ്സിഡി ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്കി പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ തരിശ് നിലം കൃഷിയോഗ്യമാക്കുന്നതിനു വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും മന്ത്രി അറിയിച്ചു.

