തിരുവനന്തപുരം: കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം ലോക്സഭ തെരഞ്ഞെടുപ്പ് അജണ്ടയാക്കി മുതലാക്കാന്‍ ഇടതുമുന്നണി. ലീഡറുടെ മകള്‍ ബിജെപിയില്‍ ചേര്‍ന്നെങ്കില്‍ മറ്റുപലരും സമാന രീതിയില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുമെന്ന പ്രചരണം ശക്തിപ്പെടുത്താനാണ് ഇടതുമുന്നണിയുടെ ആലോചന. മണ്ഡലം കണ്‍വെന്‍ഷനുകളിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ഈ വിഷയത്തില്‍ ഊന്നി മുന്നോട്ട് പോകാനാണ് നീക്കം. അത്തരമൊരു പ്രചരണം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്ന വിലയിരുത്തലും ഇടതുമുന്നണിക്കുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ പത്മജ വിഷയം നിറഞ്ഞൊഴുകുകയാണ്. പത്മജയുടെ ചുവടുപിടിച്ച് ബിജെപിയിലേക്ക് പോകാന്‍ കാത്തിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആരൊക്കെ എന്ന മട്ടിലാണ് ചോദ്യം.
ദേശീയ രാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ കേരളത്തില്‍ നിന്ന് പരമാവധി സീറ്റുകള്‍ നേടേണ്ടതുണ്ട് എന്നതാണ് ഇടതുപാര്‍ട്ടികളുടെ ഇപ്പോഴത്തെ അവസ്ഥ. ഇതിന് ഇന്നത്തെ അനുകൂല സാഹചര്യം മുതലാക്കാന്‍ തന്നെയാണ് എല്‍ഡിഎഫ്.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ വേണുഗോപാല്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്. പത്മജയുടെ ബിജെപി പ്രവേശനത്തില്‍ വി.ഡി.സതീശന്, കെ.സുധാകരന്, കെ.മുരളീധരന് ഉള്‍പ്പടെയുള്ള നേതാക്കള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.