ന്യൂഡല്‍ഹി: കെ.കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോകുന്നത് തടയാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളെല്ലാം പാളി. കോണ്‍ഗ്രസ് നേതാക്കളുടെ അനുനയ ശ്രമങ്ങള്‍ പത്മജ തള്ളിക്കളഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പത്മജയോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇനി കോണ്‍ഗ്രസിന് കിട്ടുന്ന രാജ്യസഭ സീറ്റ് വേണമെന്ന നിലപാടില്‍ പത്മജ ഉറച്ചു നിന്നു. പത്മജ നിലപാടില്‍ ഉച്ച് നിന്നതോടെ അനുനയ നീക്കങ്ങളെല്ലാം പാളി.
തൃശൂരില്‍ തന്നെ തോല്പിച്ച നേതാക്കള്‍ക്ക് നല്കിയ പദവികള്‍ തിരിച്ചെടുക്കണമെന്നും പത്മജ കോണ്‍ഗ്രസ് നേതൃത്തോട് ആവശ്യപ്പെട്ടു. കരുണാകരന് സ്മാരക നിര്‍മാണത്തിലെ സംസ്ഥാന നേതാക്കളുടെ നിസഹകരണത്തെ കുറിച്ചും പത്മജ കെ.സി.വേണിഗോപാലിനോട് പരാതിപ്പെട്ടു. നിര്‍മാണവുമായി സഹകരിക്കില്ലെന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പാര്‍ട്ടി നേതാക്കളോട് പറഞ്ഞതും പത്മജയെ ചൊടിപ്പിച്ചു. തന്റെ ആവശ്യങ്ങള്‍ക്ക് യാതൊരു പരിഗണനയും തന്നില്ലെന്നാണ് പത്മജ പറയുന്നത്.
അതേസമയം പത്മജ ഇന്ന് ഉച്ചയ്ക്കുമുമ്പു ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യസഭാ സീറ്റും പാര്‍ട്ടി പദവിയുമുള്‍പ്പടെ പത്മജയ്ക്ക് നല്‍കിയേക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറിവോടെയാണ് പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കാനുള്ള നീക്കം നടത്തിയത്. എന്നാല്‍ ഇതുസംബന്ധിച്ച് ഒരു അറിവും ബിജെപി സംസ്ഥാന നേതൃത്വത്തിന് ഉണ്ടായിരുന്നില്ല . ദേശീയ നേതൃത്വവുമായി ഏറെ അടുപ്പമുള്ള കേരളത്തിലെ ഒരു നേതാവാണ് ഇതിനുവേണ്ടി ചരടുവലിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി പ്രവേശനം സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നദ്ദ പത്മജയുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന.