കോഴിക്കോട്: ഭൂരഹിതരെ കണ്ടെത്തി ഭൂമിയുടെ ഉടമകളാക്കി ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഏല്ലാവര്‍ക്കും പട്ടയം ഉറപ്പാക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്. സംസ്ഥാനതല പട്ടയ മേളയുടെ ഭാഗമായി ജില്ലാതല പട്ടയവിതരണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ലക്ഷ്യ ബോധമുള്ള പ്രവര്‍ത്തനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 2619 പേര്‍ക്കാണ് പട്ടയം ലഭ്യമാക്കിയത്. ബാക്കിയുള്ളവര്‍ക്ക് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രശ്നങ്ങള്‍ പരിഹരിച്ച് പട്ടയം നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ലാന്‍ഡ് ട്രിബ്യൂണല്‍ പരിധിയില്‍ നിന്ന് 1784 പട്ടയങ്ങള്‍, വടകര ലാന്‍ഡ് ട്രിബ്യൂണല്‍ പരിധിയില്‍ നിന്ന് 700 പട്ടയങ്ങള്‍, ദേവസ്വം ട്രിബ്യൂണലില്‍ നിന്ന് 50 പട്ടയങ്ങള്‍, സര്‍ക്കാര്‍ ഭൂമി പതിച്ച് കൊടുക്കുന്ന വിഭാഗത്തില്‍ നിന്ന് 34 പട്ടയങ്ങള്‍, 51 മിച്ചഭൂമി പട്ടയങ്ങള്‍ എന്നിവയാണ് വിതരണം വ്യാഴാഴ്ച ചെയ്തത്. രണ്ടരവര്‍ഷം കൊണ്ട് ഒന്നരലക്ഷം പട്ടയം എന്ന ചരിത്ര നേട്ടത്തിന്റെ നിറവിലാണ് സംസ്ഥാന റവന്യു വകുപ്പ്. മൂന്നാം പട്ടയമേളയ്ക്ക് ശേഷം സജ്ജമായ 30,000 ത്തോളം പട്ടയങ്ങളാണ് സംസ്ഥാനമൊട്ടാകെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമായി വിതരണം ചെയ്തത്. സംസ്ഥാനതല പട്ടയ മേളയുടെ ഉദ്ഘാടനം തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. റവന്യു മന്ത്രി കെ രാജന് അധ്യക്ഷത വഹിച്ചു.
കോവൂര്‍ പി കൃഷ്ണപിള്ള മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ എം.എല്‍.എമാരായ ടി പി രാമകൃഷ്ണന്, അഹമ്മദ് ദേവര്‍കോവില്‍, കാനത്തില്‍ ജമീല, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, കെ എം സച്ചിന് ദേവ്, ലിന്റോ ജോസഫ്, ലാന്‍ഡ് റിഫോംസ് റിവ്യൂ ബോര്‍ഡ് അനൗദ്യോഗിക അംഗം ടി കെ രാജന്, ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ പി എന്‍ പുരുഷോത്തമന്, തഹസില്‍ദാര്‍മാര്‍, റവന്യു ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. എഡിഎം കെ അജീഷ് നന്ദി പറഞ്ഞു