മുയിപ്പോത്ത്: ഖനനത്തിനായി രാത്രിയുടെ മറവില്‍ പോലീസ് സഹായത്തോടെ പുറക്കാമലയില്‍ കൊണ്ടുവന്ന ഖനന ഉപകരണങ്ങളും വെടിമരുന്നും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉടമകള്‍ തിരികെ കൊണ്ടുപോയി. കംപ്രസര്‍ തിരികെ കൊണ്ടുപോവാതെ പിന്മാറില്ലെന്ന് സ്ത്രീകളടക്കമുള്ളവര്‍ പ്രഖ്യാപിച്ചതോടെ പോലീസ് മുട്ടുമടുക്കുകയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് പോലീസ് അകമ്പടിയോടെ പാറ പൊട്ടിക്കാനുള്ള കംപ്രസര്‍ പുറക്കാമലയില്‍ കയറ്റിയത്. വിവരമറിഞ്ഞ പുറക്കാമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ രംഗത്തെത്തി. യാതൊരു കാരണവശാലും കംപ്രസര്‍ പുറക്കാമലയില്‍ കയറ്റില്ലെന്ന നിലപാടിലായിരുന്നു സംരക്ഷണ സമിതി. ഇവരെ വെട്ടിച്ചാണ് പുലര്‍ച്ചെ പോലീസ് സഹായത്തോടെ കംപ്രസര്‍ മലയിലെത്തിച്ചത്. ഇതറിഞ്ഞ നാട്ടുകാരും ജനപ്രതിനികളും പുലര്‍ച്ചെ മുതല്‍ പ്രദേശത്ത് ശക്തമായ പ്രതിരോധം തീര്‍ത്തു. നേരം പുലര്‍ന്നതോടെ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ എത്തി. കംപ്രസര്‍ ഇറക്കാതെ പിരിഞ്ഞ് പോവില്ലെന്ന ഉറച്ച നിലപാടെടുത്തതോടെ പിന്മാറുകയല്ലാതെ വഴിയില്ലെന്നായി.
ജില്ലാ ജിയോളജിസ്റ്റിന്റെ സാന്നിധ്യത്തിലേ ഖനനം നടത്താവൂ എന്ന് ഹൈക്കോടതി വിധി നിലനില്‍ക്കെയും ക്വാറിയിലേക്ക് വഴി അനുവദിച്ച എഗ്രിമെന്റില്‍ നിന്ന് കുടുംബം പിന്‍വാങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് ഇവ ഗൗനിക്കാതെ രാത്രി അസമയത്ത് ഖനന ഉപകരണങ്ങളുമായി എത്തുന്നത്. വിവരമറിഞ്ഞ് എത്തിയ ജില്ലാ പഞ്ചായത്തംഗം വി.പി.ദുല്‍ഖിഫില്‍ ജില്ലാ പോലീസ് സൂപ്രണ്ടുമായി സംസാരിച്ചു. തങ്ങള്‍ അറിയാതെയാണ് പോലീസ് സംരക്ഷണം നല്‍കിയതെന്ന് ഡിവൈഎസ്പി ജില്ലാ പഞ്ചായത്ത് മെമ്പറെ അറിയിച്ചു. പ്രതിഷേധം ശക്തമാവുകയും
സ്ത്രീകളം കുട്ടികളും സമരരംഗത്തേക്കു വരികയും ചെയ്തതോടെ പൊലീസ് വെട്ടിലായി. ഒടുവില്‍ ജില്ലാ പൊലീസ്
സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം കംപ്രസറും വെടിമരുന്നും പുറക്കാമലയില്‍ നിന്ന് തിരിച്ചു കൊണ്ടുപോവുകയായിരുന്നു.