
അപകടം നടന്ന് 11 ദിവസം കഴിഞ്ഞിട്ടും തൊഴിലാളികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. തുരങ്കത്തിൽ മണ്ണും ചെളിയും നിറഞ്ഞ നിലയിലാണ്. കൺവെയർ ബെൽറ്റ് പുനഃസ്ഥാപിക്കുന്നതോടെ മണിക്കൂറിൽ 800 ടൺ ചെളിയും അവശിഷ്ടങ്ങളും തുരങ്കത്തിൽ നിന്ന് നീക്കം ചെയ്യാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.
ഫെബ്രുവരി 22 രാവിലെയാണ് ഏട്ടുപേർ തുരങ്കത്തിൽ കുടുങ്ങിയത്. വെള്ളവും ചെളിയും ഒഴുകിയിറങ്ങുന്നതിനാൽ ടണലിനകത്ത് ജലനിരപ്പ് ഉയരുന്നതാണ് രക്ഷാപ്രവർത്തനങ്ങൾക്ക് തടസമാകുന്നത്. തുരങ്കത്തിൽ മണ്ണും ചെളിയും മീറ്ററുകളോളം ഉയരത്തിൽ കൂടിക്കിടക്കുകയാണ്. സിമന്റ് പാളികളും പാറക്കെട്ടുകളുമെല്ലാം രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. തുരങ്കത്തിൽ 14 കിലോമീറ്റർ ഉള്ളിലാണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്. ഇത് നീക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞ് അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 200 ടൺ അവശിഷ്ടങ്ങളും ചളിയും നീക്കം ചെയ്യുക വെല്ലുവിളിയാണ്.
രണ്ട് എൻജിനിയർമാർ ഉൾപ്പെടെ എട്ട് പേരാണെന്ന് ടണലിൽ കുടുങ്ങിക്കിടക്കുന്നത്. നാഗർകൂർണൂലിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ പ്രൊജക്ടിന്റെ ഭാഗമായ ടണലിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച നിർമാണപ്രവർത്തനങ്ങൾക്കായി തൊഴിലാളികൾ ടണലിൽ പ്രവേശിച്ചപ്പോൾ ടണലിന്റെ മുകൾഭാഗം തകർന്ന് വീഴുകയായിരുന്നു. ടണലിന്റെ ഒരു ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കാൻ തൊഴിലാളികൾ അകത്ത് കയറിയപ്പോഴാണ് അപകടമുണ്ടായത്.