വടകര: ഫിഷിംഗ് ഹാര്‍ബറുകളുടെ കുറവും നിലവിലെ ഫിഷിംഗ് ഹാര്‍ബറുകള്‍ നവീകരിക്കാത്തതിനാലും വടകരയിലെ മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനു നടപടി വേണമെന്നാവശ്യപ്പെട്ട് കെ.കെ.രമ നിയമസഭയില്‍ സബ്മിഷന് അവതരിപ്പിച്ചു.
തിക്കോടി മുതല്‍ ധര്‍മടം വരെയുള്ള 5000 ത്തോളം പരമ്പരാഗത മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ആയിരക്കണക്കിന് മറ്റു തൊഴിലാളികളും ഉപജീവനം നടത്തിവരുന്ന കേരളത്തിലെ പ്രധാനപ്പെട്ട മത്സ്യബന്ധന തുറമുഖങ്ങളില്‍ ഒന്നാണ് ചോമ്പാല്‍ ഹാര്‍ബര്‍. എന്നാല്‍ ഇന്ന് പരാധീനതകളുടെ നടുവില്‍ വിര്‍പ്പുമുട്ടുകയാണ് ഈ ഹാര്‍ബറെന്ന് സബ്മിഷനില്‍ കെ.കെ.രമ ചൂണ്ടിക്കാട്ടി. കാലങ്ങളായി ഇവിടെ യഥാസമയം മെയിന്റനന്‍സ് നടക്കുന്നില്ല. നാലുവര്‍ഷത്തോളമായി ഡ്രഡ്ജിങ് നടത്താത്തത് മൂലം തോണിമറിഞ്ഞുള്ള അപകടങ്ങള്‍ പതിവാണ്. മത്സ്യബന്ധനവലകളുള്പ്പടെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്താനും സാധിക്കുന്നില്ലെന്നതും വലിയ പ്രശ്നമായി നിലനില്‍ക്കുന്നതാണ്.
കടലിലും തീരത്തും അപകടത്തില്‍പ്പെടുന്നവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്കാന് ചോമ്പാല്‍ ഹാര്‍ബറില്‍ പോലും സംവിധാനമില്ല. ഹാര്‍ബറില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആരോഗ്യ സബ്സെന്റര്‍ സ്ഥാപിച്ച് മത്സ്യത്തൊഴിലാളികളുടെ ജീവന് രക്ഷിക്കാന്‍ അടിയന്തര നടപടി ഉണ്ടാകണം.
തീരമേഖലയിലെ ക്രമസമാധാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു ശക്തമായ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നത് കാലാകാലങ്ങളായുള്ള ആവശ്യമാണ്. അതിനും പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. മത്സ്യ സംരക്ഷണത്തിനായി ഇവിടെ ഐസ് പ്ലാന്റും മാലിന്യ നിര്‍മാര്‍ജനത്തിനായി ബയോഗ്യാസ് പ്ലാന്റും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ പ്രവര്‍ത്തനക്ഷമമല്ല. ഉടന്‍ തന്നെ ഇവ പ്രവര്‍ത്തനക്ഷമമാക്കണം. വാഹനങ്ങളുടെ പാര്‍ക്കിംഗ് സൗകര്യം, ഡീസല്‍ ബങ്ക്, ഇങ്ങനെ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ സുഗമമായി ചെയ്യുന്നതിനായി നിരവധി കാര്യങ്ങളാണ് ചോമ്പാല ഹാര്‍ബറില്‍ വേണ്ടത്. ഇതിനെല്ലാം പരിഹാരം കാണാന്‍ കഴിയുംവിധമുള്ള അടിയന്തിര ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
വടകരയില്‍ മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മറ്റൊരു പ്രദേശമാണ് കുരിയാടി. കുരിയാടിയില്‍ മത്സ്യബന്ധന തുറമുഖം സ്ഥാപിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ഇവിടെ തുറമുഖം നിര്‍മിക്കുന്നതു സംബന്ധിച്ച പഠനം നടത്താന്‍ 2015-ല്‍ 59 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ പഠനം നടന്നുവരികയാണെന്നും നിര്‍ത്തിവെക്കാന്‍ വേണ്ടി തീരുമാനിച്ചതായും കേള്‍ക്കുന്നുണ്ട്. ഈ കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. നിര്‍ത്തിവെക്കാനാണ് തീരുമാനിച്ചതെങ്കില്‍ അത് പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പഠനം പൂര്‍ത്തിയാക്കി കുരിയാടിയില്‍ മത്സ്യബന്ധന തുറമുഖം സ്ഥാപിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. നേരത്തെ വടകരയില്‍ നടന്ന തീരസദസില്‍ ഇക്കാര്യങ്ങള്‍ വിശദമായി തന്നെ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുള്ളതാണ്. എന്നിട്ടും യാതൊരു നടപടിയും ഈ വിഷയങ്ങളില്‍ ഉണ്ടായില്ല എന്നതു ഖേദകരമാണ്. ഈ രണ്ടു കാര്യങ്ങളിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തര നടപടി ഉണ്ടാകണം എന്ന് കെ.കെ.രമ നിയമസഭയില്‍ ആവശ്യപ്പെട്ടു.