വടകര: മയക്ക്മരുന്ന് ലഹരി മാഫിയക്കെതിരെ വിപുലമായ ജനകീയ പ്രതിരോധം ഉയര്‍ന്ന് വരണമെന്ന് താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു .നിയോജ മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍, വാര്‍ഡ് അടിസ്ഥാനത്തില്‍ ജനകീയപ്രതിരോധ സമിതി ചേരും. താലൂക്ക് സമിതി അംഗങ്ങളായ പി.സുരേഷ്ബാബു, ബാബു ഒഞ്ചിയം എന്നിവരാണ് വിഷയം ഉന്നയിച്ചത്. താലൂക്കിലെ മൂന്ന് അസംബ്ലി മണ്ഡലാടിസ്ഥാനത്തിലും എംഎല്‍എമാരുടെ സാന്നിധ്യത്തില്‍ യോഗം ചേരണമെന്നും തുടര്‍ന്ന് പഞ്ചായത്ത്, മുന്‍സിപ്പല്‍ തലത്തിലും വാര്‍ഡ് അടിസ്ഥാനത്തിലും വിപുലമായ ജനകീയയോഗം ചേര്‍ന്ന് ജാഗ്രതാ സമിതികള്‍ എല്ലാ നിലവാരത്തിലും രൂപീകരിക്കണമെന്നും പി.സുരേഷ്ബാബു ആവശ്യപെട്ടു. പ്രതിരോധ സമിതി വിളിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി എക്സൈസ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.
വനവുമായി അതിര്‍ത്തി പങ്കിടുന്ന താലൂക്കിലെ വില്ലേജുകളില്‍ വന്യജീവി ആക്രമണത്തിന്റെ ഭീതിയിലാണ് ജനങ്ങള്‍. ബന്ധപെട്ട വകുപ്പുകള്‍ അടിയന്തിര നടപടി സ്വീകരിക്കണം. കടുത്ത വരള്‍ച്ചയിലേക്ക് പോകുന്ന പശ്ചാത്തലത്തില്‍ താലൂക്കിലെ ജല ജീവന് മിഷന് പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച് കമ്മീഷന് ചെയ്യാന്‍ ജലവിഭവ വകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്നു യോഗം ആവശ്യപെട്ടു. ഓര്‍ക്കാട്ടേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തിച്ചികിത്സ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പട്ടു. ആവശ്യമായ ജീവനക്കാരുടെ നിയമനം, സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ നിയമനം, ഇസിജി. എക്സ് റേ, ആധുനിക ലാബ് സൗകര്യം തുടങ്ങിയ പ്രശ്നങ്ങള്‍ സമിതി അംഗം പ്രദീപ് ചോമ്പാലയാണ് ഉന്നയിച്ചത്. കരിമ്പനത്തോട്ടിലെ മലിനജലപ്രശ്നം പരിഹരിക്കണമെന്ന് വികസനസമിതി അംഗം പി.പി. രാജന്
ആവശ്യപ്പെട്ടു. തോട്ടിലെ വെള്ളം കറുപ്പുനിറത്തിലാണുള്ളത്. ദുര്‍ഗന്ധം കാരണം പരിസരവാസികള്‍ ബുദ്ധിമുട്ടിലാണ്. സമീപപ്രദേശങ്ങളില്‍ രാത്രിയായാല്‍ കൊതുകുശല്യം രൂക്ഷമാണ്.ചില സമയങ്ങളില്‍ കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഛര്‍ദിയും തലകറക്കവും ഉണ്ടാകാറുണ്ടെന്ന് പരാതിയുര്‍ന്നു.
മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സി.കെ.കരീം അധ്യക്ഷത വഹിച്ചു. സമിതി അംഗങ്ങളായ പി എം മുസ്തഫ, ടി വി ബാലകൃഷ്ണന്, ടി വി ഗംഗാധരന്, താഹില്‍ദാര്‍ ഡി.രഞ്ജിത്ത് വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സംസാരിച്ചു.