തൃശൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ മൂലം ജീവന് രക്ഷാ മരുന്നുകളുടെ വില അനുദിനം കുതിച്ചുയരുന്നത് ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് വന്‍ ഭീഷണിയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്.ബിന്ദു അഭിപ്രായപ്പെട്ടു. കേരളാ പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് (കെപിപിഎ) സംസ്ഥാന കണ്വെന്ഷന് തൃശൂര്‍ എഴുത്തച്ഛന് സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മരുന്നുകളുടെ വിലക്കയറ്റം മാത്രമല്ല മോഡേണ്‍ മെഡിസിന് വിപണിയിലെ വ്യാജ മരുന്നുകളുടെ തള്ളിക്കയററവും ആരോഗ്യ സുരക്ഷയ്ക്ക് കാര്യമായ പരിക്കുകളുണ്ടാക്കുന്നുണ്ടെന്നും മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും മന്ത്രി പറഞ്ഞു.
എം. ആര്.അജിത് കിഷോര്‍ അദ്ധ്യക്ഷത വഹിച്ചു. കേരളാ സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ പ്രസിഡണ്ട് ഒ.സി. നവീന്‍ ചന്ദ് മുഖ്യപ്രഭാഷണം നടത്തി. കെപിപിഎ പ്രസിഡന്റ് യോഹന്നാന് കുട്ടി, സംസ്ഥാന ജനറല്‍ സിക്രട്ടറി സി.ബാലകൃഷ്ണന്, അന്‍സാരി ആലപ്പുഴ, ഷിജി ജേക്കബ്, തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ ജിനന് സ്വാഗതം പറഞ്ഞു.