പയ്യോളി: ഇരിങ്ങല്‍ ജവഹര്‍ സ്പോര്‍ട്സ് ക്ലബ് 55-ാം വാര്‍ഷികത്തിന്റെ ഭാഗമായി 26-ാം തിയതി ചൊവ്വാഴ്ച മുതല്‍ മാര്‍ച്ച് രണ്ടു വരെ ജില്ലാ തല വോളി നൈറ്റ് സംഘടിപ്പിക്കുന്നു. മേപ്രം കുറ്റി രാജേന്ദ്രന് ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ഒരുക്കം പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയിലെ പ്രഗത്ഭരായ എട്ട് ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ജില്ലാ പോലീസ് സ്വപ്ന ബാലുശ്ശേരിയുമായി ഏറ്റുമുട്ടുമ്പോള്‍ രണ്ടാം മത്സരത്തില്‍ ആതിഥേയരായ ജവഹര്‍ സ്പോര്‍ട്സ് ക്ലബ് ബ്രദേഴ്സ് വാണിമേലിനെ നേരിടും. സായ് സെന്റര്‍ കോഴിക്കോട്, ജാന്‍ വടകര, ചെമ്പനീര്‍ മുപ്പിലാവില്, വോളിബ്രദേഴ്സ് പയിമ്പ്ര എന്നീ ടീമുകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കളത്തിലിറങ്ങും. ഫെബ്രവരി 28, മാര്‍ച്ച് ഒന്ന് തിയ്യതികളില്‍ സെമിഫൈനലും മാര്‍ച്ച് രണ്ടിന് ഫൈനലും നടക്കും. ഉദ്ഘാടന ചടങ്ങില്‍ വടകര നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പടന്നയില്‍ പ്രകാശന് മുഖ്യാതിഥിയായി പങ്കെടുക്കും
1970 ല്‍ രൂപീകൃതമായതു മുതല്‍ വോളിബോളെന്ന കൈപന്തുകളിക്ക് പ്രാധാന്യം നല്‍കിവരുന്ന ജവഹര്‍ സ്പോര്‍ട്സ് ക്ലബ് സബ് ജൂനിയര്‍, ജുനിയര്‍, യൂത്ത്, സീനിയര്‍ കളിക്കാരെ രൂപപ്പെടുത്തുന്നതിലും ആവശ്യമായ പരിശീലനം നല്‍കുന്നതിലും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നു.
ജില്ലാ വോളിബോള്‍ അസോസിയേഷനില്‍ അഫിലിയേറ്റ് ചെയ്ത ഇരിങ്ങല്‍ ജവഹര്‍ ക്ലബ് നിരവധി തവണ എ ഡിവിഷന് ചാമ്പ്യന്മാരായിട്ടുണ്ട്. ഒരു കാലത്ത് ജവഹറിനെ നേരിടാനുള്ള ടീമുകള്‍ തുലോം കുറവായിരുന്നു. ഇന്റര്‍നാഷണല്‍ താരമായ പ്രേംജിത്, ഡിപ്പാര്‍ട്ട്മെന്റ് താരമായ സുര്‍ജിത്ത്, റെയില്‍വേ താരമായ കെ.കെ.ശിവദാസന്‍, സര്‍വീസസ് താരമായ കെ.കെ.വിജയന്, ഇവര്‍ക്ക് പുറമെ സുനില്‍കുമാര്‍ കെ.കെ, രാജീവന്, ഒ.കെസദാനന്ദന്‍, പ്രമോദ് ഒ.എന്‍, ചന്ദ്രന് എ.കെ തുടങ്ങിയ പ്രഗത്ഭ കളിക്കാരെ സൃഷ്ടിച്ചെടുക്കാന്‍ ജവഹറിന് കഴിഞ്ഞു. ഇന്ന് സ്റ്റേറ്റ് താരമായ അശ്വിന്, ഒ.എന്‍ സച്ചിന് എന്നിവര്‍ ടീമില്‍ കളിച്ചു വരുന്നു. കൂടാതെ ഒ.എന്‍.അശ്വനി എന്ന വനിതാ താരത്തെ വാര്‍ത്തെടുക്കാനും ജവഹറിന് സാധിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജവഹര്‍ പ്രസിഡന്റ്, ടി.പവിത്രന്, സെക്രട്ടറി.ഷാജി.ഒ.എന്‍, വൈസ് പ്രസിഡന്റ് സജിത്ത് മലോല്‍, കെ.കെ.വിജയന്, സബീഷ് കുന്നങ്ങോത്ത് എന്നിവര്‍ പങ്കെടുത്തു.