അഴിയൂര്‍: ഭവന നിര്‍മാണത്തിന് 2.45 കോടി രൂപയും കാര്‍ഷിക ഉത്പാദന മേഖലയില്‍ 1.92 കോടി രൂപയും സമഗ്ര കായിക വികസനത്തിന് 1.1 കോടി രൂപയും വകയിരുത്തി അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്. 26.78 കോടി രൂപ വരവും 26.47 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരന് തോട്ടത്തില്‍ അവതരിപ്പിച്ചു.
ചോമ്പാല സ്റ്റേഡിയത്തിന്റെ മുഖഛായ മാറ്റി കായികപ്രേമികളുടെ ചിരകാല അഭിലാഷം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ള സമഗ്ര കായിക വികസനം എന്ന പദ്ധതി പ്രധാന പദ്ധതിയായി നടപ്പിലാക്കും. ബഡ്സ് സ്കൂള്‍ നിര്‍മ്മാണത്തിന് 37.5 ലക്ഷം, ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്ര നിര്‍മ്മാണത്തിന് 20 ലക്ഷം, അഴിയൂര്‍ ഗ്രാമപഞ്ചായത്തിനെ പ്രാദേശിക ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുന്നതിന് 10 ലക്ഷം, പൊതുകുളം നിര്‍മ്മാണത്തിന് 10 ലക്ഷം, അംഗന്‍വാടി കെട്ടിട നിര്‍മ്മാണത്തിന് 35 ലക്ഷം, വനിതാ ശിശു ക്ഷേമത്തിന് 43.75 ലക്ഷം, ഭിന്നശേഷിക്കാര്‍ക്ക് വേണ്ട ഉപകരണങ്ങള്‍ വാങ്ങുന്നതിന് 10 ലക്ഷം, ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് 18 ലക്ഷം, വയോജനങ്ങള്‍ക്ക് 7.5 ലക്ഷം,കെട്ടിട നിര്‍മ്മാണത്തിന് 95.5 ലക്ഷം, റോഡ് മെയിന്റനന്‍സിന് 74.5 ലക്ഷം, റോഡ് നിര്‍മ്മാണത്തിന് 91 ലക്ഷം രൂപ എന്നിങ്ങനെയും വകയിരുത്തി.
അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ അനിഷ ആനന്ദ സദനം, അബ്ദുള്‍ റഹീം പുഴക്കല്‍ പറമ്പത്ത്, രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ഷാജി ആര് എസ്, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.