കോട്ടയം: മത വിദ്വേഷ പരാമര്‍ശ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജ് തിങ്കളാഴ്ച പോലീസിന് മുന്നില്‍ ഹാജരാകും. ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പി.സി.ജോര്‍ജ് പോലീസിന് അപേക്ഷ നല്കി. ഇന്ന് രണ്ട് തവണ പോലീസ് വീട്ടിലെത്തിയിട്ടും പി.സി.ജോര്‍ജ് നോട്ടീസ് കൈപ്പറ്റിയിരുന്നില്ല..
പി.സി.ജോര്‍ജ് നിലവില്‍ വീട്ടിലില്ലെന്നാണ് വിവരം. ചാനല്‍ ചര്‍ച്ചയില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ഈരാറ്റുപേട്ട പോലീസ് കേസെടുത്തത്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഹര്‍ജി കോടതി തള്ളി. 30 വര്‍ഷം എംഎല്‍എയായിരുന്നിട്ടും പ്രകോപനത്തിന് എളുപ്പത്തില്‍ വശംവദനാകുന്ന പി.സി.ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹര്‍ജി തള്ളിയത്. രാഷ്ട്രീയ നേതാവ് സമൂഹത്തിന്റെ റോള്‍ മോഡലാകേണ്ടവരാണെന്നും കോടതി പറഞ്ഞു. മതവിദ്വേഷ പരാമര്‍ശങ്ങളും അധിക്ഷേപങ്ങളും മുന്‍നിര്‍ത്തി ഹര്‍ജിക്കാരനെതിരെ മുമ്പ് പല കേസുകളും നിലവിലുണ്ടായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ക്രിമിനല്‍ മനോഭാവം കാണിക്കുന്നതാണ്. പ്രകോപന പരാമര്‍ശങ്ങള്‍ പാടില്ലെന്ന് 2022ലെ കേസില്‍ ജാമ്യം അനുവദിച്ചു കൊണ്ട് ഹൈക്കോടതി വ്യവസ്ഥ വച്ചിരുന്നു. എന്നാല്‍ ഇത് പലതവണ ലംഘിക്കപ്പെട്ടെന്ന് വ്യക്തമാക്കിയാണ് ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.