
ന്യൂഡല്‍ഹി: കഴിഞ്ഞ ഏഴര പതിറ്റാണ്ടായി മലബാറിലെ സാംസ്‌കാരിക വാര്‍ത്താവിനിമയ രംഗത്ത് നിര്‍ണായക പങ്ക് വഹിക്കുന്ന കോഴിക്കോട്
ആകാശവാണി വാര്‍ത്താ വിഭാഗം പ്രവര്‍ത്തനം തുടരുമെന്ന് പ്രസാര്‍ ഭാരതി സിഇഒ ഗൗരവ് ദ്വിവേദി ഉറപ്പ് നല്‍കിയതായി ഷാഫി പറമ്പില്‍ എംപി അറിയിച്ചു. ജീവനക്കാരുടെ അപര്യാപ്തത മൂലവും വകുപ്പ് തല അവഗണന മൂലവും പ്രക്ഷേപണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വലിയ പ്രതിസന്ധിയിലായിരുന്നു. യുനെസ്‌കോ സാഹിത്യ നഗരമായി പ്രഖ്യാപിച്ച കോഴിക്കോടിന്റെ സാംസ്‌കാരിക വളര്‍ച്ചയില്‍ ആകാശവാണി വാര്‍ത്താ വിഭാഗത്തിന്റെ പങ്ക് സുപ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി ഷാഫി പറമ്പില്‍ എംപി കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് ഡല്‍ഹിയില്‍ നടന്ന വാര്‍ത്താവിവരണ പ്രക്ഷേപണ വകുപ്പുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തില്‍ ഷാഫി പറമ്പില്‍ ഈ വിഷയം
ഉന്നയിച്ചിരുന്നു. പ്രാദേശിക വാര്‍ത്താ വിഭാഗം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം എംപി യോഗത്തില്‍ വിശദീകരിച്ചതിനെത്തുടര്‍ന്നാണ് പ്രവര്‍ത്തനം തുടരുമെന്ന് പ്രസാര്‍ ഭാരതി സിഇഒ വാക്കാല്‍ ഉറപ്പ് നല്‍കിയത്. സാങ്കേതികവും ഭരണപരവുമായ പ്രതിസന്ധികള്‍ പരിഹരിച്ച് നിലയത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മലബാറിലെ ജനങ്ങളുടെ വലിയൊരു വൈകാരിക ആവശ്യമാണ് ഷാഫി പറമ്പില്‍ എംപിയുടെ ഇടപെടലിലൂടെ സഫലമായിരിക്കുന്നത്.















