വടകര: ജനപ്രതിനിധികളെ ആക്രമിക്കുകയും അവരെ തടസപ്പെടുത്തുകയും ചെയ്യുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു. തങ്കമല കോറി സന്ദർശിക്കാൻ എത്തിയ ജില്ലാ കളക്ടറോട് കോറിയുടെ
പ്രവർത്തനങ്ങളിൽ ഉയർന്നുവന്ന പരാതികളും പ്രയാസങ്ങളും ബോധ്യപ്പെടുത്താൻ ശ്രമിച്ച ജില്ലാ പഞ്ചായത്ത് അംഗം വി പി ദുൽഖിഫില്ലിനെയും യുഡിഎഫ് നേതാക്കന്മാരെയും കയ്യേറ്റം ചെയ്ത നടപടി

അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഒരു ജനാധിപത്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത അക്രമമാണ് അവിടെ നടന്നത്. അക്രമം നടത്തിയ പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യണം. ജനകീയ വിഷയങ്ങളിൽ ഇടപെടുന്ന ജനപ്രതിനിധികളെ കയ്യേറ്റം ചെയ്യുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തിന് ഒട്ടും ഭൂഷണമല്ല. കഴിഞ്ഞ മൂന്നു വർഷക്കാലം കോറിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ഒത്താശയും ചെയ്തു നൽകിയ സർക്കാരിന്റെ ജനവഞ്ചന ജനങ്ങൾ തിരിച്ചറിയുമെന്ന് മനസ്സിലാക്കിയ സി.പി.എം ന്റെ ജനശ്രദ്ധ

തിരിച്ചുവിടാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം അക്രമം നടത്തിയത്. ഈ നയത്തിൽ നിന്ന് സിപിഐഎം എത്രയും പെട്ടെന്ന് പിന്മാറിയില്ലെങ്കിൽ വടകര മണ്ണിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. സിപിഎമ്മിന്റെ ഒത്താശയോടെ നടത്തുന്ന അക്രമങ്ങൾക്കെതിരെ കോൺഗ്രസിന്റെയും യു. ഡി. എഫിന്റെയും നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർത്തി കൊണ്ടുവരുമെന്നും എം.പി അറിയിച്ചു.