നാദാപുരം: ചേലക്കാട് നാട്ടുകാര്‍ക്ക് ഭീഷണിയായി പെരുന്തേനീച്ച കൂട്. പത്തോളം പേര്‍ക്ക് ഈച്ചകളുടെ കുത്തേറ്റു. ചേലക്കാട്
ചന്ദ്രോത്ത് പള്ളിക്ക് സമീപത്തെ തക്കുള്ളതില് പറമ്പിലെ മരത്തിന് മുകളിലാണ് രണ്ട് മീറ്ററിലധികം വലുപ്പത്തില്‍ തേനീച്ചകള്‍ കൂട് കൂട്ടിയത്. പക്ഷികളും മറ്റും കൂട്ടില്‍ നിന്ന് തേന്‍ കുടിക്കാനെത്തുമ്പോഴാണ് തേനിച്ചകള്‍ കൂട്ടത്തോടെ പുറത്തേക്ക് പറക്കുന്നത്. ഒരാഴ്ച മുമ്പ് സമീപത്തെ വിവാഹ വീട്ടിലെത്തിയ കുട്ടികളടക്കമുള്ളവര്‍ക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു. കുത്തേറ്റവരില്‍ ചിലര്‍ ആശുപത്രിയില്‍ ചികിത്സയിലും മറ്റുചിലര്‍ പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ആരുടെയും നില ഗുരതരമായിരുന്നില്ല. അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡിലൂടെ സഞ്ചരിക്കുന്നവരെ ഉള്‍പ്പെടെ ഈച്ചകള്‍ ആക്രമിക്കുന്നത് പതിവായതോടെ സ്കൂള്‍
കുട്ടികളടക്കമുള്ളവര്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. തേനീച്ചയുടെ കൂട് നശിപ്പിച്ച് ഈച്ച ഭീഷണിയില്‍ നിന്ന് രക്ഷപ്പെടുത്തണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

