കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉമ തോമസ് എംഎല്‍എ ആശുപത്രി വിട്ടു. 46 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിസ്ചാര്‍ജ്. ഡിസംബര്‍ 29നാണ് എംഎല്‍എ വീണ് പരിക്കേല്‍ക്കുകയും ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയും ചെയ്തത്. നിലവില്‍ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീര്‍ക്കെട്ടുമായിരുന്നു പ്രധാന പ്രശ്നം. ഡിസ്ചാര്‍ജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് എംഎല്‍എ പോവുക. സ്വന്തം വീടിന്റെ അറ്റകുറ്റ പണികള്‍ക്ക് ശേഷം പിന്നീട് വീട്ടിലേക്ക് മാറും. ആശുപത്രിയില്‍ നിന്നും ഓണ്‍ലൈനായി പൊതുപരിപാടിയില്‍ ഉമ തോമസ് എംഎല്‍എ പങ്കെടുത്തിരുന്നു.
ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 11,600 നര്‍ത്തകര്‍ ചേര്‍ന്ന് അവതരിപ്പിച്ച മൃദംഗനാദം ഗിന്നസ് റെക്കോഡ് പരിപാടിക്കിടെയായിരുന്നു ഉമാ തോമസ് അശാസ്ത്രീയമായി നിര്‍മിച്ച സ്റ്റേജില്‍ നിന്നും പതിനഞ്ച് അടി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റത്.