നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്റെ കോഴിക്കോട് ജില്ലാതല ഹിയറിങ്ങ് വ്യാഴാഴ്ച തുടങ്ങി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹിയറിങ്ങിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും ഡീലിമിറ്റേഷൻ ചെയർമാനുമായ എ. ഷാജഹാൻ നേരിട്ട് പരാതികൾ കേട്ടു.
സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മിഷന് നേരിട്ടും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് മുഖേനയും ആക്ഷേപങ്ങള്‍ സമര്‍പ്പിച്ച പരാതിക്കാരെയാണ് ഡീലിമിറ്റേഷന്‍ കമ്മിഷന് നേരില്‍ കേട്ടത്. ആകെ 1954 പരാതികളാണ് ജില്ലയില്‍ നിന്ന് കമ്മിഷന്റെ പരിഗണനയിലുള്ളത്. ആദ്യ ദിവസം 1068 പരാതികൾ പരിഗണിച്ചു. ഇതിൽ നേരിട്ട് ഹാജരായ മുഴുവൻ പരാതികളും ചെയർമാൻ നേരിൽ കേട്ടു.
രാവിലെ 9 മുതല്‍ തൂണേരി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന ഗ്രാമ പഞ്ചായത്തുകള്‍, കോഴിക്കോട് കോര്പറേഷന്, കൊയിലാണ്ടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള പരാതികളാണ് കേട്ടത്.
11 മണി മുതല്‍ വടകര, പേരാമ്പ്ര എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്തുകള്‍, വടകര മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള പരാതികളും ഉച്ചയ്ക്ക് ശേഷം രണ്ട് മുതല്‍ കൊടുവള്ളി, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കു കീഴിലെ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള പരാതികളും പരിഗണിച്ചു. എല്ലാ ജില്ലകളിലെയും സിറ്റിംഗ് കഴിഞ്ഞതിനു ശേഷം കമ്മീഷന്റെ ഫുൾ സിറ്റിങ്ങിനു ശേഷമാണു വാർഡ് വിഭജനത്തിന്റെ അന്തിമ തീരുമാനം കൈക്കൊള്ളുക.
നാളെ (വെള്ളി) രാവിലെ ഒമ്പത് മുതല്‍ ബാലുശ്ശേരി, പന്തലായനി, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കു കീഴില്‍ വരുന്ന ഗ്രാമ പഞ്ചായത്തുകളിലെയും 11 മണി മുതല്‍ കോഴിക്കോട്, കുന്ദമംഗലം ബ്ലോക്കിനു കീഴിലെ ഗ്രാമപഞ്ചായത്തുകള്‍, രാമനാട്ടുകര മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെയും ഉച്ച രണ്ട് മണി മുതല്‍ മേലടി, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലെ ഗ്രാമപഞ്ചായത്തുകളിലെയും പരാതികൾ പരിഗണിക്കും.
ഹിയറിങ്ങിൽ ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി ജോസ്ന മോൾ, കളക്ടറുടെ ചുമതലയുള്ള എഡിഎം സി. മുഹമ്മദ് റഫീക്ക് എന്നിവരുമുണ്ടായിരുന്നു.