
മണിയൂര്‍: വായനയാണ് മനുഷ്യ സമൂഹത്തെ ചലനാത്മകമാക്കുന്നതെന്നും അത് സമൂഹത്തെ മാറ്റി മറിക്കാന്‍ പ്രാപ്തിയുള്ളതാണെന്നും പ്രശസ്ത സാഹിത്യകാരന് കല്പറ്റ നാരായണന് പറഞ്ഞു. ഒഎംസി കുറുന്തോടിയുടെ ‘നീലക്കുറിഞ്ഞി പൂത്ത ഓര്‍മകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍.ഉദയന്‍ പുസ്തകം ഏറ്റുവാങ്ങി.
വായനയിലൂടെ ഓരോ മനുഷ്യനും ആര്‍ജിക്കുന്ന അറിവ് സമൂഹത്തിനാകെ വെളിച്ചം പകരുന്നതാണെന്ന് കല്പറ്റ നാരായണന് പറഞ്ഞു. വായനയുടെ മാധ്യമങ്ങള്‍ മാറിക്കൊണ്ടിരിക്കുമെങ്കിലും വായന മനുഷ്യനുള്ളിടത്തോളം അവസാനിക്കില്ല. വായന അവസാനിക്കുന്നിടത്ത് മനുഷ്യസമൂഹം ജീര്‍ണിക്കും. മോഡേണ്‍ ടെക്നോളജിയുടെ കാലത്തും പുസ്തകങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുകയാണ്.
വായനശാലകളും വിദ്യാലയങ്ങളുമാണ് നാടിന്റെ സംസ്കാരം രൂപപ്പെടുത്തുന്നത്. ഗ്രന്ഥങ്ങളെയും ഗ്രന്ഥശാലകളെയും ജീവിതത്തോട് ചേര്‍ത്തുവെച്ച ഒഎംസി കുറുന്തോടിയുടെ ജീവിതം ധന്യമാണെന്നും കല്പറ്റ നാരായണന് പറഞ്ഞു. കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി സംഘടിപ്പിച്ച ചടങ്ങില്‍ ലൈബ്രറി പ്രസിഡന്റ് കെ.എം.കെ.കൃഷ്ണന് അധ്യക്ഷത വഹിച്ചു.
അബ്ദുള്ള പേരാമ്പ്ര പുസ്തക പരിചയം നടത്തി. സോമന് മുതുവന, റഹ്മാന് കട്ടയാട്ട് (ജീനിയസ് ബുക്സ്-കോഴിക്കോട്), എന്‍.ചന്ദ്രന് മണിയൂര്‍, ജി.കെ ഒതയോത്ത്, പി.എം.കണാരന്, പ്രമോദ് കുറ്റിയില്‍, പാലോറ ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. ഒഎംസി കുറുന്തോടി മറുമൊഴി നടത്തി. സൈദ് കുറുന്തോടി സ്വാഗതവും വി.ടി. ലെനിന് നന്ദിയും പറഞ്ഞു.