അരൂര്‍: റോഡ് വികസന പ്രവൃത്തി നടക്കുന്ന അരൂര്‍ പെരുണ്ടച്ചേരി റോഡിലെ രൂക്ഷമായ
പൊടിശല്യം പരിഹരിക്കാന്‍ ബന്ധപ്പെട്ടവരെത്തി. ആഴ്ചകളായി മണ്‍പൊടിശല്യം സഹിക്കുകയായിരുന്ന ജനങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി. പൊടിശല്യം മൂലം നാട്ടുകാര്‍ അനുഭവിക്കുന്ന പ്രയാസം കഴിഞ്ഞ ദിവസം ‘വടകര വാര്‍ത്തകള്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റോഡ് ഒമ്പതു മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിന് ഉടമകള്‍ സ്ഥലം സൗജന്യമായി നല്‍കുകയായിക്കുന്നു. വികസന പ്രവൃത്തി ആഴ്ചകള്‍ക്ക് മുമ്പേ ആരംഭിച്ചിരുന്നു. പക്ഷേ പൊടിശല്യം അതിരൂക്ഷമായിട്ടും പരിഹരിക്കാന്‍ നടപടി ഒന്നും സ്വീകരിച്ചിരുന്നില്ല. വാര്‍ത്ത വന്നതിനു പിന്നാലെ റോഡ് നനക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിരിക്കുകയാണ്.