കുറ്റകൃത്യങ്ങൾക്കെതിരെ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ (എസ്എസ്എഫ്) കോഴിക്കോട് നോർത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാലത്ത് 9.30 ന് കരിമ്പന പാലത്ത് നിന്നു മാർച്ച് ആരംഭിക്കും.
വർധിച്ചു വരുന്ന ലഹരി, സൈബർ ക്രൈം പ്രശ്നങ്ങളെ നയപരമായും പ്രായോഗികമായും നേരിടുന്നതിന്റെ ഉത്തരവാദിത്വം സർക്കാരിനും എക്സിക്യൂട്ടീവിനുമാണെന്ന് ഇവർ പറഞ്ഞു. അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ട ജാഗ്രതയെ ഓർമ്മപ്പെടുത്തുക എന്നതാണ് മാർച്ചിന്റെ ലക്ഷ്യമെന്ന് ഇവർ വ്യക്തമാക്കി. ജില്ലയിലെ 339 യൂണിറ്റുകളിൽ നിന്നായി ആയിരക്കണക്കിന് വിദ്യാർഥികൾ മാർച്ചിൽ പങ്കെടുക്കും.
“അധികാരികളെ നിങ്ങളാണ് പ്രതി”എന്ന പ്രമേയത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണ് മാർച്ച് സംഘടിപ്പിക്കുന്നത്. ജില്ലയിലെ 42 സെക്റ്ററുകളിൽ പഞ്ചായത്ത് ധർണകളും 339 യൂണിറ്റുകളിൽ പ്രക്ഷോഭ തെരുവുകളും നടന്നതായും ഇവർ പറഞ്ഞു. കേരള മുസ്ലിം ജമാ അത്ത് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ കൊളാരി മാർച്ച് ഉദ്ഘാടനം ചെയ്യും. എസ്എസ്എഫ് മുൻ സംസ്ഥാന പ്രസിഡന്റ് ഫിർദൗസ് സഖാഫി കടവത്തൂർ പ്രഭാഷണം നടത്തും.
മുനീർ സഖാഫി ഓർക്കാട്ടേരി, അബ്ദുൾ റഷീദ് മുസ്ലിയാർ ആയഞ്ചേരി തുടങ്ങിയവർ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ നോർത്ത് ജില്ലാ സെക്രട്ടറി അഡ്വ. വി.പി.കെ ഉമറലി, മുജീബ് സുറൈജി കൊയിലാണ്ടി, ഷിയാദ് അഴിയൂർ, ഹാരിസ് സഖാഫി ചെറുവണ്ണൂർ എന്നിവർ പങ്കെടുത്തു.