തൂങ്ങിക്കിടന്ന തെങ്ങുകയറ്റ തൊഴിലാളിക്ക് ഫയര്‍ഫോഴ്സ് രക്ഷകരായി. കുളമുള്ള പറമ്പത്ത് മനോജനാണ് തെങ്ങ് കയറുന്നതിനിടെ 15 മീറ്റര്‍ ഉയരത്തില്‍ തെങ്ങില്‍ കുടുങ്ങിയത്. ഇന്ന് പകല്‍ രണ്ടരയോടെ പൂക്കാട് ദിവീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടുപറമ്പിലാണ് സംഭവം.
തെങ്ങുകയറ്റ യന്ത്രത്തിന്റെ സേഫ്റ്റി ബെല്‍റ്റ് പൊട്ടി ആള് തലകീഴായി കിടക്കുന്ന വിവരമറിഞ്ഞ് നാദാപുരം അഗ്നിരക്ഷാ നിലയത്തില്‍ നിന്നെത്തിയവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ എം.ഷമേജ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് സേന സംഭവ സ്ഥലത്തെത്തി.
ഫയര്‍ &റെസ്ക്യൂ ഓഫീസര്‍മാരായ കെ.കെ ശിഖിലേഷ്, ടി.കെ വൈഷ്ണവജിത്ത്, വി. കെ ആദര്‍ശ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പി.കെ മധുപ്രസാദ് എന്നിവര്‍ എക്സ്റ്റന്‍ഷന്‍ ലാഡര്‍, റെസ്ക്യൂ നെറ്റ്, റോപ്പ് റെസ്ക്യൂ ടൂള്‍സ് എന്നിവ ഉപയോഗിച്ച് തെങ്ങിന്റെ മുകളില്‍ കയറി മനോജനെ പരിക്കുകള്‍ ഒന്നുമില്ലാതെ സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു. പിന്നീട് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.
രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ സ്വപ്നേഷ് എന്‍ കെ, കെ. കെ പ്രബീഷ്കുമാര്‍, സി. കെ സ്മിതേഷ് എന്നിവര്‍ പങ്കെടുത്തു. കൂടാതെ നാട്ടുകാരും രക്ഷാവര്ത്തനത്തില് ഉള്‍പ്പെട്ടിരുന്നു.