മികച്ച രീതിയിലാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയത് എന്ന് എഡിഎമ്മിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല ഉച്ചഭക്ഷണ കമ്മിറ്റി അവലോകന യോഗം വിലയിരുത്തി. പരാതിരഹിതമായാണ് എല്ലായിടത്തും പദ്ധതി പൂർത്തിയാകുന്നത്.
ജില്ലയിൽ മൂന്ന് വിദ്യാഭ്യാസ ജില്ലകളിൽ ഉൾപ്പെട്ട 17 ഉപജില്ലകളിലായി 1215 സ്കൂളുകളിലാണ് തൃപ്തികരമായ രീതിയിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയത്. ഇത്രയും സ്കൂളുകളിൽ 1383 പാചക തൊഴിലാളികൾ ജോലി ചെയ്യുന്നു. ഇവർക്ക് പാചകകൂലി ഇനത്തിൽ ഒക്ടോബർ വരെ മുഴുവൻ തുകയും നവംബർ മാസത്തെ സംസ്ഥാന വിഹിതവും നൽകി. ഇതിനു പുറമേ 1300 രൂപ വീതം ഓണം ബോണസും അനുവദിച്ചു.
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ജോലി ചെയ്യുന്ന 18 ഡാറ്റ എൻട്രി ഓപ്പറേറ്റർമാർക്ക് ഡിസംബർ വരെയുള്ള വേതനവും ഓണം ബോണസ് തുകയും നൽകി. സ്കൂളുകൾക്ക് നവംബർ വരെയുള്ള തുക പാചകചിലവ് ഇനത്തിൽ നൽകി. ഉച്ചഭക്ഷണത്തിന്റെ കൂടെ സപ്ലിമെന്ററി ന്യൂട്രീഷന്റെ ഭാഗമായി മാസത്തിൽ 8 തവണ പാലും 4 തവണ മുട്ടയും കുട്ടികൾക്ക്
നൽകി വരുന്നു. ഈ ഇനത്തിൽ നവംബർ വരെയുള്ള തുക സ്കൂളുകൾക്ക് കൈമാറിയിട്ടുണ്ട്.
ജില്ലാ ഭക്ഷ്യസുരക്ഷ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ജില്ലയിലെ
മാസ്റ്റർ ട്രെയിനർമാരായി തെരഞ്ഞെടുത്ത 30 പാചക തൊഴിലാളികൾക്ക്
കഴിഞ്ഞ മെയിൽ പരിശീലനം നൽകി.
ഈ മാസ്റ്റർ ട്രെയിനർമാർ അവരുടെ ഉപജില്ലകളിലെ മുഴുവൻ പാചക തൊഴിലാളികൾക്കും പരിശീലനം നൽകി. അധ്യയന വർഷം തുടങ്ങുന്നതിനുമുമ്പ് നടത്തുന്ന സ്കൂളുകളിലെ കുടിവെള്ള പരിശോധന ജില്ലയിൽ 100% മാണ്. സ്കൂളുകളിലെ പാചക തൊഴിലാളികൾക്കായി
സംഘടിപ്പിച്ച പാചക മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സമ്മാനം നേടിയ, തോടന്നൂർ ഉപജില്ലയിലെ വള്ളിയാട് ഈസ്റ്റ് എൽ പി സ്കൂളിലെ പാചക തൊഴിലാളി പി. ശോഭയെ ഉച്ചഭക്ഷണ കമ്മിറ്റി യോഗം അനുമോദിച്ചു.
25 വർഷമായി സ്കൂളിലെ പാചക തൊഴിലാളിയായി ജോലി ചെയ്യുന്ന ശോഭയ്ക്കുള്ള ഉപഹാരം എഡിഎം സി. മുഹമ്മദ് റഫീക്ക് കൈമാറി. യോഗത്തിൽ ഡിഡിഇ സി. മനോജ് കുമാർ, സ്കൂൾ പ്രധാനഅധ്യാപകർ, മുൻ ഡിഡിഇ വി.പി മിനി, സപ്ലൈകോ, ആരോഗ്യം വനിത ശിശു സംരക്ഷണം എന്നീ വകുപ്പുകളിലെയും കോഴിക്കോട് കോർപ്പറേഷനിലെയും ഉദ്യോഗസ്ഥർ പങ്കെടുത്തു.