നാദാപുരം: മയ്യഴി പുഴയുടെ ഭാഗമായ വാണിമേല്‍ പുഴ മണ്ണിട്ടു നികത്തി അനധികൃത നിര്‍മാണത്തിന് അനുമതി നല്കിയ നാദാപുരം ഗ്രാമപഞ്ചായത്ത് നടപടിക്കെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് മനുഷ്യാവകാശ – പരിസ്ഥിതി സംഘടനയായ സിറ്റിസണ്‍സ് ഫോറം ഫോര്‍ പീസ് & ജസ്റ്റിസ് പ്രസ്താവനയില്‍ പറഞ്ഞു. പഞ്ചായത്തീരാജ് നിയമപ്രകാരം പുഴകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ ചുമതലയുള്ള ഗ്രാമപഞ്ചായത്ത് തന്നെ കല്ലാച്ചിക്കടുത്ത് തെരുവംപറമ്പില്‍ രാത്രിയുടെ മറവില്‍ പുഴ കയ്യേറാന്‍ സ്വകാര്യവ്യക്തികള്‍ക്ക് അനുവാദം നല്‍കിയത് തികഞ്ഞ അഴിമതിയാണ്. വിലങ്ങാട് ഈയിടെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായിട്ടും ജലസ്രോതസ്സുകള്‍ നശിപ്പിക്കുന്ന സമൂഹവിരുദ്ധ ശക്തികളുടെ കല്സിത പ്രവൃത്തികള്‍ക്കു നേരെ കണ്ണടക്കുന്ന നയം അധികൃതര്‍ ഉപേക്ഷിക്കണം. സിറ്റിസണ്‍സ് ഫോറം ചെയര്മാന് മൊയ്തു കണ്ണങ്കോടന്‍, ജനറല്‍ കണ്‍വീനര്‍ ടി.നാരായണന് വട്ടോളി , കെ.കെ.രമേഷ് ബാബു, ടി.കെ.മമ്മു, കെ.കെ.ഭാസ്കരന് എന്നീ മനുഷ്യാവകാശ-പരിസ്ഥിതി പ്രവര്‍ത്തകര്‍ അടങ്ങിയ സംഘം കയ്യേറ്റപ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.