വടകര: കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനത്തില്‍ ഡിപിആറിന് വിരുദ്ധമായി സ്ഥലമേറ്റെടുക്കാന്‍ ശ്രമിച്ചാല്‍ സഹകരിക്കില്ലെന്ന് ഇരകളുടെ കര്‍മസമിതി വ്യക്തമാക്കി. ഡിപിആറിനും കിഫ്ബിയുടെ അംഗീകാരത്തിനും വിരുദ്ധമായി സ്ഥലമേറ്റെടുത്ത് റോഡ് നിര്‍മിക്കണമെന്ന ചിലരുടെ പിടിവാശിയും അതിന് പരസ്യമായും രഹസ്യമായും ചില കോണുകളില്‍ നിന്നു നല്കിക്കൊണ്ടിരിക്കുന്ന പിന്തുണയും പദ്ധതിയില്ലാതാക്കാന് മാത്രമേ ഉപകരിക്കൂ.
റോഡ് വികസനവുമായി ബന്ധപ്പെട്ട് ഇരകളുടെ കര്‍മസമിതി പക്വതയോടെയും യാഥാര്ഥ്യബോധത്തോടുകൂടിയും മാത്രമേ പ്രതികരിച്ചിട്ടുള്ളത്. പദ്ധതിക്ക് ഭൂമിയേറ്റെടുക്കുമ്പോള്‍ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ആവശ്യമായ ഭൂമി വിട്ടുനല്‍കുന്നതിന് ഇരകള്‍ തയ്യാറായിട്ടുണ്ട്. മറ്റിടങ്ങളിലെപോലെ പദ്ധതി തടസ്സപ്പെടുത്തുന്ന നിലപാടിലേക്ക് ഇരകള്‍ ഒരു ഘട്ടത്തിലും കടന്നിട്ടില്ല. പദ്ധതിയെ വ്യവഹാരത്തിലേക്ക് നയിച്ചതും ഇരകള്‍ ആയിരുന്നില്ല .
ചെന്നുകയറുന്ന റോഡുകള്ക്കില്ലാത്ത വീതിയിലും പ്രാധാന്യത്തിലും ഈ റോഡ് നിര്‍മിക്കാന്‍ കഴിയില്ലെന്ന് കിഫ്ബി വ്യക്തമാക്കിയിട്ടുള്ളതാണ്.
പദ്ധതിയുടെ തുടക്കത്തില്‍ അതിര്‍ത്തികല്ലുകള്‍ സ്ഥാപിച്ച അവസരത്തില്‍ അന്നത്തെ എംഎല്‍എ പാറക്കല്‍ അബ്ദുള്ളയെ ഇരകളുടെ കര്‍മസമിതി സമീപിക്കുകയും അമിതമായ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അതിര്‍ത്തികല്ലുകള്‍ സ്ഥാപിച്ച ശേഷം അപാകതകള്‍ പരിഹരിക്കാമെന്ന ഉറപ്പ് അദ്ദേഹത്തില്‍ നിന്നു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇരകള്‍ അതിര്‍ത്തികല്ലുകള്‍ സ്ഥാപിക്കുന്നത് എതിര്‍ക്കാതിരുന്നതെന്ന് കര്‍മസമിതി വ്യക്തമാക്കി.
പദ്ധതി പ്രദേശത്ത് ഒരു സെന്റ് ഭൂമിക്ക് 90,000 രൂപ ഫെയര്‍ വാല്യൂ ഉണ്ടെന്നതും സെന്റിന് 270000 രൂപ നഷ്ടപരിഹാരം ലഭിക്കുമെന്നതും ബോധപൂര്‍വം പ്രചരിപ്പിക്കുന്നത് വാസ്തവ വിരുദ്ധമാണ്. സെന്റിനല്ല ആറിനാണ് (2.5 സെന്റ്) ഫെയര്‍ വാല്യൂ നിശ്ചയിക്കുന്നത് എന്നത് മറച്ചുവെച്ച് ഇരകളില്‍ ആരെയെങ്കിലും വ്യമോഹിപ്പിക്കാന്‍ കഴിയുമോയെന്ന കുബുദ്ധിയാണ് ഈ പ്രചാരണത്തിന് പിന്നില്‍.
മണിയൂരിലെ ജനങ്ങള്‍ ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ അഞ്ചു വര്‍ഷത്തോളം വൈകിയ പദ്ധതി ഇനിയും വൈകിപ്പിക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ മാത്രമേ അത് ഉപകരിക്കുകയുള്ളൂ ഇരകളുടെ കര്‍മസമിതി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.