കൊച്ചി: സിനിമയില്‍ ചിരിയുടെ മാലപ്പടക്കങ്ങള്‍ തീര്‍ത്ത പ്രിയ സംവിധായകന് വിട നല്കി കേരളം. ഷാഫിയുടെ മൃതദേഹം കറുകപ്പള്ളി ജുമാ മസ്ജിദില്‍ ഖബറടക്കി. സിനിമ-രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് പ്രിയ സംവിധായകന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. ഉച്ച കഴിഞ്ഞ് രണ്ടേകാലോടെയാണ് മൃതദേഹം കറുകപ്പള്ളി മുസ്ലിം ജുമാ മസ്ജിദിലേക്ക് എത്തിച്ചത്. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി രണ്ടേ മുക്കാലോടെ മൃതദേഹം കബറടക്കി. ഇന്നലെ രാത്രി 12:30 യോടെയാണ് പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാഫിയുടെ മരണം സംഭവിക്കുന്നത്. പുലര്‍ച്ചെ നാലരയോടെ മൃതദേഹം എളമക്കരയിലെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് 9 മണിയോടെ മണപ്പാട്ടിപ്പറമ്പ് കൊച്ചിന് സഹകരണ ബാങ്ക് ഹാളില്‍ പൊതുദര്‍ശനം. നടന് മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ് കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി പി രാജീവ് തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
കടുത്ത തലവേദനയെത്തുടർന്ന് ജനുവരി 16നാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്തരികരക്തശ്രാവത്തെ തുടർന്ന് നില അതീവഗുരുതരമായി തുടരുകയായിരുന്നു. മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നായ റാഫി മെക്കാർട്ടിനിലെ റാഫിയുടെ സഹോദരൻ കൂടിയാണ് ഷാഫി. സംവിധായകൻ സിദ്ദീഖ് ഷാഫിയുടെ അമ്മാവനാണ്. സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങിയ നിലകളിൽ പ്രശസ്തനായ അദ്ദേഹം നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ സംവിധായകനായി മാറി.
2001ൽ വൺമാൻഷോ എന്ന ചിത്രത്തിലൂടെ സംവിധായകനായി. കല്യാണരാമൻ, പുലിവാൽ കല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്ലേറ്റ്, ലോലിപോപ്, ചട്ടമ്പിനാട്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാൻ, വെനീസിലെ വ്യാപാരി, 101 വെഡ്ഡിംഗ്സ്, 2 കൺട്രീസ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം. 2022ൽ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം എന്ന ചിത്രമാണ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.