വടകര: കേരളത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്നതിലൂടെ സിപിഎം ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണെന്ന്
കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.
എസ്വി ഫൗണ്ടേഷന് വടകരയില്‍ സംഘടിപ്പിച്ച എസ്വി അനുസ്മരണ അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെറികെട്ട വര്‍ഗീയത സിപിഎം എപ്പോഴും കളിക്കാറുണ്ട്. ഈഴവ വര്‍ഗീയതയും മുസ്ലിം വര്‍ഗീയതയും ഇളക്കി വിടുന്ന സിപിഎമ്മിന്റെ ശൈലി വടകരയിലെയും നാദാപുരത്തെയും ജനങ്ങളോട് താന്‍ പറയേണ്ടതില്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കാഫിര്‍ സ്ക്രീന്‍ഷോട്ടില്‍ എത്തി നില്‍ക്കുന്നത് അതാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ സുരേഷ് ഗോപി ജയിക്കേണ്ടത് കെ.സുരേന്ദ്രനെക്കാള്‍ പിണറായി വിജയന്റെ ആവശ്യമായിരുന്നു. ഒരു മത വിഭാഗം അതിന്റെ സ്വത്വം നിലനിര്‍ത്തി രാഷ്ട്രീയ- സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വര്‍ഗീയത ആവില്ല. സ്വന്തം സ്വത്വം നിലനിര്‍ത്തി ഇഎംഎസ് മതേതരവാദിയായത് എങ്ങിനെയെന്ന് അദ്ദേഹം ചോദിച്ചു.
ഇത്തവണത്തെ എസ് വി അവാര്‍ഡ് പി.ടി.കെ ഷമീര്‍, ഡോ : വി. ഇദിരീസ് എന്നിവര്‍ക്ക് സന്ദീപ് വാര്യര്‍ വിതരണം ചെയ്തു. ഡോ ഇദ്രിസിന്റെ അഭാവത്തില്‍ തണല്‍ പ്രതിനിധി ഇല്യാസ് അവാര്‍ഡ് ഏറ്റുവാങ്ങി.
ചടങ്ങില്‍ എംസി വടകര അധ്യക്ഷത വഹിച്ചു. എം.ടി അബ്ദുസ്സലാം എസ് വി അനുസ്മരണ പ്രഭാഷണം നടത്തി. അഹമ്മദ് പുന്നക്കല്‍,സൂപ്പി നരിക്കാട്ടേരി, ഒ.കെ. കുഞ്ഞബ്ദുള്ള, മഠത്തില്‍ അബ്ദുറഹിമാന്, ആവോലം ബഷീര്‍, എം പി അബ്ദുല്‍ കരീം, കെ.ടി നിസ്താര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രൊഫ: കെ കെ മഹമുദ് സ്വാഗതവും കാരാളത്ത് പോക്കര് ഹാജി നന്ദിയും പറഞ്ഞു. തുടര്‍ന്ന് താജുദ്ദീന് വടകര -നിസാം ഫാമിലി ഒരുക്കിയ ഇശല്‍ നൈറ്റ് അരങ്ങേറി.