വീട്ടുകാരുടെയും അവഹേളനവും മാനസിക പീഡനവും കാരണം 19 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവം ഏറെ ഗൗരവത്തോടെയാണ് കമ്മീഷന് കാണുന്നതെന്ന് സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷന്‍ എം. ഷാജര്‍ പറഞ്ഞു. യുവജനങ്ങള്‍ക്കിടയിലെ മാനസികാരോഗ്യം ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ട വിഷയമാണ്.
കേരളത്തില്‍ യുവജനങ്ങള്‍ക്കിടയില്‍ നടന്ന ആത്മഹത്യകളില്‍ കമ്മിഷന് കഴിഞ്ഞ വര്‍ഷം പഠനം നടത്തിയിരുന്നു. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് യുവജനങ്ങള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദങ്ങളെക്കുറിച്ച് കമ്മീഷന്റെ നേതൃത്വത്തിലുള്ള പഠനം അടുത്ത മാസം ആരംഭിക്കുമെന്നും അധ്യക്ഷന്‍ പറഞ്ഞു. സംസ്ഥാന യുവജനകമ്മീഷന് കോഴിക്കോട് ജില്ല അദാലത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം.
ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ രാഹുല്‍ ഈശ്വര്‍ നിരന്തരമായി സ്ത്രീത്വത്തെ അവഹേളിക്കുന്നു എന്ന് കാണിച്ച് ദിശ എന്ന സംഘടനയില്‍ നിന്നു ലഭിച്ച പരാതിയില്‍ കമ്മീഷന് പോലീസിനോട് റിപ്പോര്‍ട്ട് തേടിയതായി അധ്യക്ഷന്‍ പറഞ്ഞു. തങ്ങള്‍ നേരിടുന്ന അധിക്ഷേപം സധൈര്യം തുറന്നു പറയുകയും നിയമപരമായി നേരിടാന്‍ തയ്യാറായി മുന്നോട്ടു വരുകയും ചെയ്യുന്ന സത്രീകള്‍ക്ക് രാഹുല്‍ ഉന്നയിക്കുന്നതുപോലെയുള്ള വാദങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദത്തിന് കാരണമാകുന്നതായും അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
പരാതിയില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകും. അതിജീവിതകളെ അവഹേളിക്കുന്ന തരത്തിലുള്ള വാദങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് ഇത്തരം വേദികളില്‍ സ്ഥാനം നല്‍കരുതെന്ന കാര്യം പരിഗണിക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു.
കര്‍ണാടകയിലെ ഷിരൂര്‍ മണ്ണിടിച്ചില്‍ അപകടവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തകനായ രഞ്ജിത്ത് ഇസ്രയേല്‍ ഒരു ദൃശ്യമാധ്യമത്തിനെതിരെ നല്കിയ പരാതിയില്‍ മാധ്യമപ്രവര്‍ത്തകനോട് തിരുവനന്തപുരത്തെ അദാലത്തില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചതായി കമ്മിഷന് പറഞ്ഞു. പിഎസ് സി റാങ്ക് ഹോള്‍ഡര്‍മാരുടെ പരാതി, ഭൂമി തരം മാറ്റല്‍ സംബന്ധിച്ച പരാതികള്‍ എന്നിവയും കമ്മിഷനു ലഭിച്ചതായി അധ്യക്ഷന്‍ അറിയിച്ചു.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാതല അദാലത്തില്‍ ആദ്യദിനം 22 പരാതികളാണ് പരിഗണിച്ചത്. 10 പരാതികള്‍ പരിഹരിച്ചു. 12 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയതായി ആറ് പരാതികള്‍ ലഭിച്ചു. യുവജന കമ്മീഷന് അംഗങ്ങളായ പി.സി. ഷൈജു, കെ.പി. ഷജീറ, പി.പി. രണ്‍ദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസര്‍ ജോസഫ് സ്കറിയ, സംസ്ഥാന കോഡിനേറ്റര്‍മാരായ അഡ്വ. എം. രണ്‍ദീഷ്, അഡ്വ. രാഹുല്‍ രാജ് അസിസ്റ്റന്റ് പി. അഭിഷേക് എന്നിവര്‍ പങ്കെടുത്തു. അദാലത്ത് നാളെയും (ശനി) തുടരും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മണിയ്ക്ക് ആരംഭിക്കും.