ആയഞ്ചേരി: ജനുവരി 15 പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ ആയഞ്ചേരി ഗ്രാമപഞ്ചായത്തില്‍ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. കിടപ്പിലായ രോഗികളുടെ സാന്ത്വന പരിചരണം ഓരോ മനുഷ്യരുടെയും കടമയാണെന്ന് ഓര്‍മിപ്പിച്ചാണ് പാലിയേറ്റീവ് ദിനം ആചരിച്ചത്. ‘സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം’ എന്നതാണ് ഈ വര്‍ഷത്തെ പാലിയേറ്റീവ് സന്ദേശം.
കടമേരി ആര്‍എസി ഹൈസ്‌കൂളില്‍ നിന്ന് ആരംഭിച്ച പാലിയേറ്റീവ് സന്ദേശറാലി തണ്ണീര്‍പന്തല്‍ ടൗണില്‍ സമാപിച്ചു. ബാന്‍ഡ് വാദ്യമേളങ്ങളോടെ നടന്ന റാലിയില്‍ ജനപ്രതിനിധികള്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, എന്‍എസ്എസ്, ജെആര്‍സി അംഗങ്ങള്‍, പഞ്ചായത്തിലെ വിവിധ പാലിയേറ്റീവ് യൂണിറ്റ് വളണ്ടിയര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അണിനിരന്നു. ഞാനും ഉണ്ട് പരിചരണത്തിന് എന്ന ബാനറേന്തിയായിരുന്നു റാലി.
തുടര്‍ന്ന് തണ്ണീര്‍പന്തല്‍ ടൗണില്‍ നടന്ന സംഗമത്തില്‍ പ്രസിഡന്റ് എന്‍.അബ്ദുല്‍ ഹമീദ് പാലിയേറ്റീവ് സന്ദേശം നല്‍കി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഷ്‌റഫ് വെള്ളിലാട്ട്, ടി.വി. കുഞ്ഞിരാമന്‍, പഞ്ചായത്ത് അംഗങ്ങളായ കാട്ടില്‍ മൊയ്തു, സരള കൊള്ളിക്കാവില്‍, ടി.കെ.ഹാരിസ്, എ. സുരേന്ദ്രന്‍, കെ.കെ.ശ്രീലത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീവന്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ബിന്ദു, ഇന്ദിര, അജിത്ത്, സലി, ജയ, ദിവ്യ, പാലിയേറ്റീവ് നേഴ്‌സ് പ്രമുഷ, എം.കെ.നാണു, ടി.എന്‍.അബ്ദുന്നാസര്‍, പി.ടി.കെ.വിനോദന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പഞ്ചായത്ത് ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മധുര പലഹാര വിതരണം നടത്തി. പാലിയേറ്റീവ് രംഗത്ത് 37 വര്‍ഷമായി സേവനം ചെയ്യുന്ന കൂനമ്പ്രമല്‍ ഷൈനിയെ പൊന്നാടയണിയിച്ച് ആദരിച്ചു. പാലിയേറ്റീവ് വളണ്ടിയര്‍ ഷാജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.