ഹൈസ്കൂൾ വിദ്യാർഥി സാരംഗ് രാജീവിന്റെ ഗാനാലാപനത്തിനിടയിൽ മഴ പെയ്തിറങ്ങി. കടത്തനാട് സൗഹൃദ വേദിയുടെയും വടകര ചങ്ങാതി കൂട്ടായ്മയുടെയും നന്മ നിറഞ്ഞ മനസ്സുകൾ കൈകോർത്തു വടകര മുനിസിപ്പൽ പാർക്കിൽ ഒരുക്കിയ അനുമോദന ചടങ്ങിലാണ് സഹൃദയർ മഴ നനഞ്ഞത്.
വടകരയുടെ സംഗീത ഗുരുക്കന്മാരായ ഇ.വി.വത്സൻ, പ്രേംകുമാർ വടകര, കെ.സി. ചന്ദ്രൻ, കെ.പി.അജേഷ് എന്നിവർ യുവ പ്രതിഭകളെ അനുഗ്രഹിക്കാൻ സദസിൽ ഉണ്ടായിരുന്നു. വത്സലൻ കുനിയിലിന്റെ അധ്യക്ഷതയിൽ വൈസ് ചെയർമാൻ പി.കെ.സതീശൻ പരിപാടി ഉദ്ഘാടനം ചെയ്തു. മണലിൽ മോഹനൻ മുഖ്യാതിഥിയായി.
ലളിതഗാനം ,ഗാനാലാപനം, അഷ്ടപതി, സംസ്കൃത സംഘഗാനം എന്നീ ഇനങ്ങളിൽ എ ഗ്രേഡ് നേടിയ സാരംഗ് രാജീവ്, അൻവിത്ത് രാജ്, പി.എസ്.ഋതു, ആലാപ് ജീവൻ, സീത, അനുപമ, ശ്രീയുക്ത, മലർവാടി ചിത്രരചന ജില്ലാ തലമത്സരത്തിൽ വിജയികളായ പി. ഷാരുൺ, നൈറ ഫാജിസ് എന്നിവരെ ഡോക്ടർ പി.കെ.അബ്ദുള്ള ഉപഹാരം നൽകി അനുമോദിച്ചു. പി.പി.രാജൻ, പി.കെ.രാമചന്ദ്രൻ, റസാക്ക് കല്ലേരി, ഡോക്ടർ പി. ശശികുമാർ, ആർ.സത്യൻ പി.എം.മണി, സൈദ് ഹൈഡ്രോസ് എന്നിവർ സംസാരിച്ചു.