നാഗ്പൂരിലെ എസ്എംഎസ് കമ്പനിയും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഉടമ്പടിയില്‍ ബയോമൈനിങ്ങിലൂടെയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ ഭൂമി വീണ്ടെടുക്കുന്നത്. മൂന്ന് മാസത്തിനകം ഇവിടത്തെ മാലിന്യം നീക്കി ഭൂമി വീണ്ടെടുക്കും. പ്ലാസ്റ്റിക്, ആശുപത്രി മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് ട്രഞ്ചിങ് ഗ്രൗണ്ടില്‍ കെട്ടിക്കിടക്കുന്നത്. പ്രത്യേക മിഷനറി ഉപയോഗിച്ച് പ്ലാസ്റ്റിക് വേര്‍തിരിച്ച ശേഷം ഇവ നീക്കം ചെയ്യും.
സംസ്ഥാനത്ത് എട്ട് നഗരസഭകളടക്കം 20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായാണ് കമ്പനി കരാറുണ്ടാക്കിയത്. മുന്‍ഗണനാ ക്രമമനുസരിച്ച് വടകരയിലെ ട്രഞ്ചിങ് ഗ്രൗണ്ടും പട്ടികയില്‍ ഇടംപിടിച്ചു. കെഎസ്ഡബ്ല്യുഎംപി (കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട്) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മാലിന്യം നീക്കുന്നത്. ലോക ബാങ്ക് 5.60 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി സംസ്ഥാനത്ത് ധനസഹായമായി അനുവദിച്ചത്.
1965 മുതല്‍ വടകര നഗരസഭാ പരിധിയിലെ മുഴുവന്‍ മാലിന്യങ്ങളും ഒരുമിച്ചു നിക്ഷേപിച്ചിരുന്ന സ്ഥലമാണ് പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ട്. ജൈവവും അജൈവവും ഉള്‍പ്പെടെ എല്ലാ മാലിന്യവും ഇവിടെ തള്ളി. കാലം പിന്നിട്ടതോടെ പുതിയാപ്പും പരിസരവും ദുര്‍ഗന്ധത്താല്‍ വീര്‍പ്പുമുട്ടുന്ന അവസ്ഥയായി. ഒട്ടേറെ പ്രയാസങ്ങള്‍ ഈ പ്രദേശത്തുകാര്‍ നേരിട്ടു. വീടുകളില്‍ ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിയുമായിരുന്നില്ല. നഗരസഭ സ്ഥിരം സമര വേദിയാവുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ ഉറവിട മാലിന്യ സംസ്കരണത്തിന് തുടക്കം കുറിച്ചതോടെയാണ് മാലിന്യം തള്ളുന്നത് നിലച്ചത്. ആറു മീറ്റര്‍ താഴ്ചയിലാണ് മാലിന്യം കെട്ടിക്കിടക്കുന്നത്. ഇത് മുഴുവന്‍ നീക്കി പ്രദേശം ശുചിത്വ സുന്ദര ഭൂമിയാക്കി മാറ്റാനാണ് നഗരസഭയുടെ പരിശ്രമം.