വടകര: വില്യാപ്പള്ളി-എടച്ചേരി-ഇരിങ്ങണ്ണൂര്‍ റോഡ് ഉന്നത നിലവാരത്തിലാക്കുന്നു. ഇതിന്റെ തുടക്കമെന്ന നിലയില്‍ ഒന്നരക്കോടി രൂപ
അനുവദിച്ചതായി കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അറിയിച്ചു. കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട വില്യാപ്പള്ളി ടൗണില്‍ നിന്നാരംഭിക്കുന്ന ഒരു കിലോമീറ്റര്‍ ഭാഗം ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ ഉയര്‍ത്താനാണ് തുക വകയിരുത്തിയിരിക്കുന്നത്. ഇതോടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിനാണ് വിരാമമാവുന്നത്. വില്യാപ്പള്ളിയില്‍ നിന്ന് എടച്ചേരിയിലേക്ക് പോകുന്ന പ്രധാനപ്പെട്ട റോഡാണിത്. ഈ ഭാഗം ബിഎംബിസി നിലവാരത്തില്‍ ഉയര്‍ത്തണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വിഷയം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗത്തിനാണ് നിര്‍വഹണ ചുമതല.















