തിരുവനന്തപുരം: സിനിമ മേഖലയില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. ഹരജി തള്ളിയ കോടതി, നടിക്ക് വേണമെങ്കില്‍ ഈ വിഷയം ഉന്നയിച്ച് സിംഗിള്‍ബെഞ്ചിനെ സമീപിക്കാമെന്നു വ്യക്തമാക്കി. ഇതോടെ ഏറെ വിവാദമായ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിട്ടേക്കുമെന്നാണ് സാംസ്കാരിക വകുപ്പ് നല്കുന്ന സൂചന. എന്നാല്‍, നടി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചാല്‍ സാംസ്കാരികവകുപ്പിന്റെ തീരുമാനത്തില്‍ ചിലപ്പോള്‍ മാറ്റമുണ്ടായേക്കാം.
നേരത്തെ ശനിയാഴ്ച റിപ്പോര്‍ട്ട് പുറത്തുവിടുമെന്നായിരുന്നു സാസ്കാരിക വകുപ്പിന്റെ സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അറിയിച്ചിരുന്നത്. എന്നാല്‍, തങ്ങള്‍ കൊടുത്ത മൊഴി തന്നെയാണോ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതെന്ന് അറിയില്ലെന്നും തങ്ങളെ കാണിക്കാതെ മൊഴി പുറത്തുവിടരുതെന്നും ആവശ്യപ്പെട്ട് രഞ്ജിനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശമനുസരിച്ച് താന്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കുമെന്ന് നടി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തില്‍ കോടതിവിധിക്ക് അനുസൃതമായിരിക്കും തുടര്‍ നടപടികളെന്ന് ശനിയാഴ്ച സാസ്കാരിക വകുപ്പിന്റെ സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ (എസ്.പി.ഐ.ഒ) വിവരാവകാശ അപേക്ഷകരെ അറിയിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് നിയമപരമായി ഒരു തടസ്സവും സര്‍ക്കാറിനും സാംസ്കാരിക വകുപ്പിനും ഇല്ലെന്നിരിക്കെ നടിയുടെ അഭ്യര്‍ഥനയില്‍ റിപ്പോര്‍ട്ട് തടഞ്ഞ എസ്പിഐഒയുടെ നടപടിക്കെതിരെ അപേക്ഷകര്‍ വിവരാവകാശ കമീഷന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ എസ്പിഐഒയോട് വിവരാവകാശ കമീഷണര്‍ ഡോ.എ. അബ്ദുല്‍ ഹക്കീം അടിയന്തര വിശദീകരണം തേടുകയും ചെയ്തിരുന്നു.