കൊയിലാണ്ടി: ജാതിയോ മതമോ അല്ല മനുഷ്യനാണ് വലിയവനെന്നും പുതിയ കാലത്തെ ഇരുട്ടിന്റെ ശക്തികളെ പ്രതിരോധിക്കാന്‍ കഴിയുന്നവരായിരിക്കണം സാംസ്കാരിക പ്രവര്‍ത്തകരെന്നും ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അഭിപ്രായപ്പെട്ടു.
കൊയിലാണ്ടിയിലെ കലാ-സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായ റെഡ് കര്‍ട്ടന്റെ സുവര്‍ണ ജൂബിലി ഉദ്ഘാടനവും കായലാട്ട് രവീന്ദ്രന് കെപിഎസി അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ കെ അജിത് സ്വാഗതം പറഞ്ഞു. വി ടി മുരളി മുഖ്യ പ്രഭാഷണം നടത്തി. ഇ.കെ വിജയന് എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ബാലന്, മുന്‍ എംഎല്‍എ പി.വിശ്വന്, സി വി ബാലകൃഷ്ണന്, വി പി ഇബ്രാഹിം കുട്ടി, സി സത്യചന്ദ്രന്, വി കെ രവി, അഡ്വ സുനില്‍ മോഹന്‍, രാഗം മുഹമ്മദലി, കെ കെ സുധാകരന് എന്നിവര്‍ സംസാരിച്ചു. ഏകപാത്ര നാടക അഭിനേതാവ് അലി അരങ്ങാടത്തിനേയും തുടര്‍ച്ചയായി 24 വര്‍ഷം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ചെണ്ടമേളത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജിവിഎച്ച്എസ് കൊയിലാണ്ടിയിലെ കുട്ടികളേയും കളിപ്പുരയില്‍ രവീന്ദ്രനേയും ഇ കെ വിജയന് എംഎല്‍എ അനുമോദിച്ചു. സമൂഹത്തിലെ വ്യത്യസ്ത മേഖലയിലെ 50 പേര് 50 മണ്‍ചെരാതുകള്‍ കൊളുത്തി ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.
കബീര്‍ ഇബ്രാഹിം അവതരിപ്പിച്ച ഗസലും അരങ്ങേറി.