തിരുവനന്തപുരം: സ്ഥലം ലഭ്യമാക്കിയാല്‍ കേരളത്തിന് ആണവ വൈദ്യുതനിലയം അനുവദിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര
ഊര്‍ജമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍. 150 ഏക്കര്‍ സ്ഥലംവേണം. കാസര്‍കോട്ടെ ചീമേനിയാണ് അനുയോജ്യസ്ഥലമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ വൈദ്യുതി-നഗരവികസന പ്രവര്‍ത്തനങ്ങള്‍ അവലോകനംചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. സ്ഥലം ലഭ്യമാക്കിയാല്‍ കേന്ദ്രം സാധ്യമായ സഹായമെല്ലാം ചെയ്യാം. നിലയം സ്ഥാപിച്ചാല്‍ കേരളത്തിലെ വൈദ്യുതിപ്രതിസന്ധി വലിയതോതില്‍ പരിഹരിക്കാനാവുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. എന്തുകൊണ്ട് ആണവനിലയമായിക്കൂടെന്ന് ചോദ്യം ഉന്നയിച്ചത് കേന്ദ്രമന്ത്രിയാണെന്ന് ഊര്‍ജവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

ആണവ വൈദ്യുതനിലയത്തിനായി സംസ്ഥാന സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തിട്ടില്ല. മുമ്പ് ഊര്‍ജവകുപ്പും വൈദ്യുതിബോര്‍ഡും പദ്ധതിനിര്‍ദേശവുമായി കേന്ദ്രത്തെ സമീപിച്ചിരുന്നു. തൃശ്ശൂരിലെ അതിരപ്പിള്ളിയും കാസര്‍കോട്ടെ ചീമേനിയുമാണ് ബോര്‍ഡ് നിര്‍ദേശിച്ചത്. ആണവനിലയം സ്ഥാപിക്കുന്നതിനെപ്പറ്റി ആണവോര്‍ജ കോര്‍പ്പറേഷനുമായി കെഎസ്ഇബി ചെയര്മാന് ബിജു പ്രഭാകര്‍ നേരത്തേ ചര്‍ച്ചനടത്തിയിരുന്നു.