വടകര: കരിമ്പനപ്പാലത്ത് ദേശീയപാതക്കരികില്‍ പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് കടക്ക് തീപിടിച്ചു. ബി ടു ഹോംസ് എന്ന
സ്ഥാപനത്തിലാണ് അഗ്നിബാധ. മൂന്ന് നില കെട്ടിടത്തില്‍ പ്ലൈവുഡും ഇന്റീരിയര്‍ ഉല്പന്നങ്ങളും വില്‍ക്കുന്ന താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഇവിടെയുള്ള സാമഗ്രികളും സ്കൂട്ടറും കത്തിനശിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് തീപിടിത്തം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. വടകരക്കു പുറമെ
കൊയിലാണ്ടിയില്‍ നിന്നും എത്തിയ അഗ്നിരക്ഷാസേന ഒന്നര മണിക്കൂറെടുത്താണ് തീ കെടുത്തിയത്. ബഹുനില കെട്ടിടത്തിന്റെ എല്ലാ ഭാഗത്ത് നിന്നും പുക ഉയര്‍ന്നത് ഫയര്‍ഫോഴ്സിനെ കുഴക്കി. പിന്നീട് അകത്ത് കയറിയാണ് ശരിയായ സ്ഥലം മനസിലാക്കി തീ കെടുത്താനായത്. പ്ലൈവുഡ് ഉല്പന്നങ്ങളായതിനാല് പെട്ടെന്ന് തീയാളിക്കത്തി. സ്റ്റേഷന് ഓഫീസര്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍
വടകരയിലെ മൂന്ന് യൂനിറ്റും കൊയിലാണ്ടിയില്‍ നിന്ന് ഒരു യൂനിറ്റും ദൗത്യത്തില്‍ ഏര്‍പെട്ടു. ഷോര്‍ട് സര്‍ക്യൂട്ട് മൂലമായിരിക്കാം തീപിടിത്തമെന്ന നിഗമനത്തിലാണ് ഫയര്‍ഫോഴ്സ്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.


