തിരുവനന്തപുരം: കിടപ്പുമുറിയിലെ ജനാലയ്ക്ക് സമീപം കഞ്ചാവ് കൃഷി ചെയ്ത ഐടി മാനേജര്‍ പിടിയില്‍. ഹരിയാന സ്വദേശിയായ വിശാലാണ് (26) തിരുവനന്തപുരത്ത്
പിടിയിലായത്. ചമ്മന്തി അരയ്ക്കാനും പാലില്‍ ചേര്‍ത്ത് കുടിക്കാനുമായാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ശ്രീകാര്യത്ത് ഫ്‌ലാറ്റിനുള്ളില്‍ അത്യാധുനിക രീതിയിലായിരുന്നു കഞ്ചാവ് വളര്‍ത്തിയിരുന്നത്. ടെക്‌നോപാര്‍ക്കിലെ പ്രമുഖ ഐടി കമ്പനിയില്‍ പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളത്തില്‍ മാനേജരായി ജോലി നോക്കുകയായിരുന്നു ഇയാള്‍. ഫ്‌ലാറ്റില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മുപ്പത് സെന്റീമീറ്റര്‍ വരെ ഉയരമുള്ള 70ഓളം കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്. പ്രത്യേകതരം ചെടിച്ചട്ടികളിലും മുട്ട വാങ്ങുന്ന കവറുകളിലും ചെറിയ പാത്രങ്ങളിലുമായാണ് കഞ്ചാവ് നട്ടിരുന്നത്. ഓപ്പറേഷന്‍ തൂഫാനിന്റെ ഭാഗമായി ലഭിച്ച വിവരത്തിലാണ് നടപടി. കഞ്ചാവ് വില്‍ക്കുകയോ പണം വാങ്ങുകയോ ഇയാള്‍ ചെയ്തിട്ടില്ലെന്നാണ് പോലീസ് നിഗമനം. സ്വന്തം ആവശ്യത്തിനായാണ് പ്രതി കഞ്ചാവ് വളര്‍ത്തിയത്. കഞ്ചാവ് ഇലകള്‍ അരച്ച് പാലില്‍ ചേര്‍ത്ത് കുടിക്കുന്നതാണ് ഇയാളുടെ പ്രധാന രീതി. വിശാലിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.















