
കണ്ണൂര്‍: റാപ്പര്‍ വേടന് വിവാഹിതനാകാന്‍ ഒരുങ്ങുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. പൊതുവേദികളില്‍ വേടനൊപ്പം നവമി ലതയും എത്താറുണ്ട്. ഫെബ്രുവരി 24ാം തീയതി തൃശൂരിലാണ് കല്യാണം. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി തളിപ്പറമ്പില്‍ നടന്ന ഹാപ്പിനെസ്
ഫെസ്റ്റിവലിലാണ് വേടന് വിവാഹ വാര്‍ത്ത പങ്കുവെച്ചത്.
ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കാനായി വേടന് എത്തിയിരുന്നു. വേദിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് വേടനെ പൊന്നാടയണയിച്ച് അഭിനന്ദിച്ചിരുന്നു. വേടനെ അഭിനന്ദിച്ച് സംസാരിക്കുന്നതിനിടെ എം.വി.ഗോവിന്ദനാണ് ആദ്യം വിവാഹക്കാര്യം പൊതുവേദിയില്‍ പറയുന്നത്. മറുപടി പ്രസംഗത്തിനിടെ വേടനും ഇക്കാര്യം സ്ഥിരീകരിച്ചു. ‘മാഷ് പറഞ്ഞതുപോലെ 24ാം തീയതി ഞാന്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ പോവുകയാണ്.
എന്റെ കല്യാണമാണ്,’ എന്നാണ് വേടന് പറഞ്ഞത്.
അതേസമയം, ഹാപ്പിനെസ് ഫെസ്റ്റിവലില്‍ വേടന്റെ പരിപാടിക്കിടെ ഒരാള്‍ ഫ്ളെഡ് ലൈറ്റിന് മുകളില്‍ കയറി അഭ്യാസ പ്രകടനം നടത്തിയത് ഏറെ ആശങ്ക പടര്‍ത്തി. സാബുമോന് എന്നയാള്‍ ഏകദേശം 35 അടി ഉയരത്തിലുള്ള ഫ്ലഡ് ലൈറ്റിന്റെ മുകളിലാണ് കയറിയത്. താല്‍ക്കാലികമായി പരിപാടി നിര്‍ത്തിവെച്ച് ഇയാളോട് താഴെ ഇറങ്ങാന്‍ വേടന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ താഴേക്ക് ഇറങ്ങി. പോലീസ് സാബുമോനെ
കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.
ഹിരണ്‍ദാസ് മുരളി എന്ന വേടന് 2020ല്‍ പുറത്തിറങ്ങിയ ‘വോയ്സ് ഓഫ് ദ വോയ്സ്ലെസ്’ എന്ന പാട്ടിലൂടെയാണ് ശ്രദ്ധേയനാകുന്നത്.
സമൂഹത്തില്‍ ദളിതരടക്കമുള്ള പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളെയും അതിനെതിരെ അവര്‍ നടത്തുന്ന പോരാട്ടങ്ങളെയും കുറിച്ചുള്ള വരികളാണ് തൃശൂര്‍ സ്വദേശിയായ വേടന്റെ റാപ്പുകളെ ജനപ്രിയമാക്കിയത്.
















