കൊയിലാണ്ടി: കൊല്ലം കുന്ന്യോറ മലയില്‍ മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് താല്‍ക്കാലികമായി കൊല്ലം ഗുരുദേവ കോളജിലെ ദുരിതാശ്വാസ കേമ്പില്‍ കഴിയുന്ന 15 കുടുംബങ്ങളെ വാടക വീടുകള്‍ കണ്ടെത്തി മാറ്റി താമസിപ്പിക്കാന്‍ തീരുമാനം. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. കലക്ടറും ഷാഫി പറമ്പില്‍ എംപിയും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
അനുയോജ്യമായ വാടക വീടുകള്‍ കണ്ടെത്താന്‍ കുടുംബങ്ങളോട് ആവശ്യപ്പെടും. വീടുകളുടെ വാടക സര്‍ക്കാര്‍ നല്‍കും. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കൊല്ലം ഗുരുദേവ കോളജില്‍ അധ്യയനം മുടങ്ങുന്ന സാഹചര്യമുണ്ട്. ഇത് പരിഗണിച്ച് കോളജിലെ ക്യാമ്പ് അവസാനിപ്പിക്കും. കടുത്ത ഭീഷണിയില്ലാത്ത കുടുംബങ്ങളെ സ്വന്തം വീടുകളിലേക്ക് തന്നെ പറഞ്ഞയക്കും. കുന്ന്യോറ മലയില്‍ അപകട ഭീഷണി നിലനില്‍ക്കുന്ന സ്ഥലം ദേശീയപാതാ അധികൃതര്‍ സ്ഥലമുടമകള്‍ക്ക് നഷ്ടപരിഹാരം നല്കി ഏറ്റെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇത് സംബന്ധിച്ച് ചില നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയതായാണ്.
നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മാണത്തിന് കുത്തനെ കുന്നിടിച്ച കുന്ന്യോറ മലയില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയാണ്. ചര്‍ച്ചയില്‍ ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍ കുമാറും പങ്കെടുത്തു