
പീലി തിരുമുടിയും പൊന്നോടക്കുഴലുമൂതി പട്ടുകോണകമെടുത്ത് നില്‍ക്കുന്ന ഗുരുവായൂരപ്പനെ ദര്‍ശിക്കാൻ പതിനായിരങ്ങളാണ് വ്രതശുദ്ധിയോടെ ഗുരുവായൂർ അമ്പലനടയിൽ എത്തിയത്. ഏകാദശിനാളിലെ നിർമ്മാല്യ ദർശനം അതിവിശേഷമാണ്. രാവിലെ ഏഴു മുതൽ ക്ഷേത്രം കൂത്തമ്പലത്തിൽ ഗീതാ പാരായണം തുടങ്ങി. ഭഗവാൻ സ്വർണ കോലത്തിൽ എഴുന്നള്ളി, കാഴ്ച ശീവേലിയ്ക്കു ശേഷം 9.30 ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കിഴക്കേ നടയിലെ പാർത്ഥസാരതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് ആരംഭിച്ചു.
വൈകീട്ട് പാർത്ഥ സാരഥി ക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. രഥത്തിനു മുന്നിൽ ശ്രീകൃഷ്ണന്റെയും പുറകിൽ അർജ്ജുനന്റെയും രൂപങ്ങൾ ഉണ്ടാകും. രഥം ക്ഷേത്രക്കുളമടക്കം വലം വച്ചാണ് എഴുന്നള്ളിപ്പ് അവസാനിക്കുന്നത്.
വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരിലെ പ്രതിഷ്ഠാദിനവും, അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനമായും കണക്കാക്കുന്നു.ഭഗവാൻ മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂർക്കെഴുന്നെള്ളുന്ന ദിനമാണിതെന്നും കരുതപ്പെടുന്നു. ഈ ദിവസം ക്ഷേത്രത്തിൽ എത്താൻ കഴിയുന്നത് സുകൃതമായാണ് വിശ്വാസികൾ കാണുന്നത്. ഏകാദശി ദിനത്തിൽ തുറന്ന നട ദ്വാദശി ദിന മായ നാളെ രാവിലെ പൂജയ്ക്കുശേഷം അടക്കും.